രണ്ട് ബിജെപി കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

single-img
24 November 2017

ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വെട്ടിലാക്കി രണ്ടു മന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, സുരേഷ് പ്രഭു എന്നിവരാണ് ആരോപണത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. അമിത് ഷായുടെ മകനെതിരായ ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പിയെ വെട്ടിലാക്കി കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്.

നിതിന്‍ ഗഡ്കരിയുടെ പ്രൈവറ്റ് സെക്രട്ടറിയും ആര്‍എസ്എസ് അനുഭാവിയുമായ വൈഭവ് ദാങ്കേ 2014 ഒക്ടോബറില്‍ രൂപീകരിച്ച ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി എന്ന കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയുടെ വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഇംഗ്‌ളീഷ് ദിനപത്രമായിരുന്നു.

വൈഭവ് ദാങ്കെ 2014 ഓക്ടോബറില്‍ രൂപീകരിച്ച ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഗ്രീന്‍ എനര്‍ജി (ഐഎഫ്ജിഇ) എന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് അഴിമതി കഥകള്‍ പുറത്തു വരുന്നത്. കമ്പനി നിയമ വകുപ്പ് എട്ടു പ്രകാരം ആദായമുണ്ടാക്കാന്‍ അനുമതിയില്ലാതെ രൂപീകരിച്ച സ്വകാര്യ കമ്പനിയായ IFGE മൂന്ന് വര്‍ഷം കൊണ്ട് ഒന്നരക്കോടിയോളം രൂപ ദൈനം ദിനം ചിലവിന് സമാഹരിച്ചെന്ന് ബാലന്‍ഷീറ്റ് വ്യക്തമാക്കുന്നു.

സ്ഥിര നിക്ഷേപമായി കോര്‍പ്പസ് ഫണ്ട് വിഭാഗത്തിലേക്ക് സര്‍ക്കാരില്‍ നിന്ന് ഒന്നര കോടി ലഭിച്ചതായും ബാലന്‍ഷീറ്റിലുണ്ട്. ഗഡ്കരിക്ക് പുറമെ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും ഈ കമ്പനിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമാണെന്ന് കമ്പനി വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇരു മന്ത്രിമാര്‍ക്കുമെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി.

ദാങ്കേയുടെ നീക്കങ്ങള്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ കൂടി അറിവോടെയാണെന്നും രണ്ട് മന്ത്രിമാരും പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കേന്ദ്രഗതാഗതവകുപ്പ്, ഷിപ്പിങ് മന്ത്രാലയം എന്നിവയുമായി സഹകരിച്ചും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ധനസഹായം കൈപ്പറ്റിയും കഴിഞ്ഞവര്‍ഷം മുതല്‍ കമ്പനി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ വിവരങ്ങളും വെബ്‌സൈറ്റിലുണ്ട്.

ഇതു സംബന്ധിച്ച് ചോദ്യാവലിക്ക് ഡാങ്കെ കൃത്യമായ ഉത്തരം നല്‍കിയില്ലെന്നും കമ്പനി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് രാജി വച്ചിട്ടുണ്ട് എന്നാണ് മറുപടി നല്‍കിയതെന്നും ഹിന്ദു ദിനപത്രം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ഭിന്നതാല്‍പര്യമുള്ള കേന്ദ്രമന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.