ഇന്ത്യയുടെ സൂപ്പര്‍ സോണിക് മിസൈല്‍ ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ചു

single-img
22 November 2017

മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ. ശബ്ദാതിവേഗമുള്ള മിസൈലായ ബ്രഹ്മോസിനെ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്ന് വിജയകരമായി പരീക്ഷിച്ചതോടെ ഇന്ത്യ ലോകശ്രദ്ധയിലേക്ക് ഇടം നേടുകയാണ്. ലോകത്തുതന്നെ ആദ്യമായാണു ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഇതോടെ ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്കു സ്വന്തമായി.

മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു പരീക്ഷണം. ബ്രഹ്മോസും സുഖോയും തമ്മില്‍ സംയോജിപ്പിക്കുന്ന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ നേരത്തെതന്നെ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ബ്രഹ്മോസ് ഇനി പോര്‍ വിമാനമായ സുഖോയില്‍ നിന്ന് ശത്രുവിനു നേരെ നിറയൊഴിക്കുന്നതോടെയാണ് ഇന്ത്യന്‍ സേന വലിയൊരു ശക്തിയായി മാറുക. അമേരിക്കയുടെ എ16 പോര്‍വിമാനത്തേക്കാള്‍ മികച്ചതാണ് ഇന്ത്യയുടെ സുഖോയ്.

പാകിസ്ഥാനേയും ചൈനയേയും മുന്നില്‍ കണ്ട് ദ്രുതഗതിയില്‍ സൈന്യത്തിന്റെ ആധുനികവത്കരണം നടത്തുന്ന ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാണ് ഈ നേട്ടം. അതിര്‍ത്തിയിലെ ഭീഷണി ചെറുക്കുക കൂടാതെ മാവോയിസ്റ്റ് സ്വാധീന മേഖലകളേയും ലക്ഷ്യമിട്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക.

ശത്രുപാളയത്തിലെ വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍ പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് സുഖോയ് 30 ബ്രഹ്മോസ് സംയോജനത്തിന്റെ ഗുണം. ‘ഭീകരന്‍’ എന്ന് വിളിപ്പേരുള്ള സൂപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.

കരയില്‍ നിന്നും കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനയ്ക്ക് ഇപ്പോള്‍ തന്നെയുണ്ട്. റഷ്യയും ഇന്ത്യയും സംയുക്തമായി നിര്‍മിച്ച മിസൈലാണ് ബ്രഹ്മോസ്. 2500 കിലോ (വ്യോമപതിപ്പ്) ഭാരവും 8.4 മീറ്റര്‍ നീളവും 0.6 മീറ്റര്‍ വ്യാസവുമാണ് ഇതിനുള്ളത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് മണിക്കൂറില്‍ 3200 കിലോമീറ്റര്‍ വേഗമാണുള്ളത്.

അതേസമയം റഷ്യയുടെ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ സുഖോയ് 30 പോര്‍വിമാനം കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി ഇന്ത്യന്‍ വ്യോമസേന ഉപയോഗിക്കുന്നുണ്ട്. അമേരിക്കയുടെ എഫ് 16 വിമാനങ്ങളെക്കാള്‍ മികച്ചതാണിത്. വിമാനം നിര്‍മിക്കുന്നതിനുള്ള കരാറില്‍ 2000 ലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. തുടക്കത്തില്‍ 140 സുഖോയ് 30 പോര്‍വിമാനങ്ങള്‍ നിര്‍മിക്കാനായിരുന്നു പദ്ധതി. 2002 സെപ്തംബറിലാണ് ഇന്ത്യയ്ക്ക് ആദ്യ സുഖോയ് വിമാനം ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ആദ്യ സുഖോയ് 2004ല്‍ ലഭിച്ചു. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ കൈവശം 230 സുഖോയ്30 എം.കെ.ഐ പോര്‍വിമാനങ്ങളുണ്ട്.