‘ദേ പുട്ട്’ ഉദ്ഘാടനത്തിന് ദിലീപിനെ ദുബായിലേക്കു വിടില്ലെന്ന് പോലീസ്

single-img
20 November 2017

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി നടന്‍ ദിലീപ് നല്‍കിയ അപേക്ഷയെ അന്വേഷണസംഘം എതിര്‍ക്കും. കഴിഞ്ഞ ദിവസമാണ് ‘ദേ പുട്ട്’ റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിന് ദുബായിലേക്കു പോകുന്നതിനായി പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നു ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ വിദേശത്തു നിന്ന് ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന വാദം ഉയര്‍ത്തിയാകും പൊലീസ് ഇതിന് തടയിടുക. കുറ്റപത്രം നാളെ സമര്‍പ്പിക്കുന്നതോടെ കോടതി പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കില്ലെന്ന വിശ്വാസത്തിലാണ് അന്വേഷണസംഘം. കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിനു മുന്‍പു തീരുമാനിച്ചതാണു ചടങ്ങെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിരിക്കുന്നത്.

അതേസമയം കേസില്‍ ദിലീപ് എട്ടാം പ്രതിയാകുമെന്നാണ് സൂചന. ദിലീപിനെതിരായ കുറ്റപത്രം നാളെ സമര്‍പ്പിക്കാനും അന്വേഷണ സംഘം തീരുമാനിച്ചു. കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിന്റെ ആദ്യ നീക്കം.

എന്നാല്‍, ഇത്തരത്തില്‍ കുറ്റപത്രം കോടതിയിലെത്തിയാല്‍ കേസ് പൊളിയുമെന്ന നിയമോപദേശം കിട്ടിയതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് വിശദമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ അന്വേഷണ സംഘത്തില്‍ ധാരണയായത്. ആക്രമണത്തിന് നേതൃത്വം നല്‍കിയ പള്‍സര്‍ സുനി തന്നെയാകും കുറ്റപത്രത്തില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടാവുക.

എന്നാല്‍, ഗൂഢാലോചന കുറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പിനൊപ്പം പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കും മേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളും ദിലീപിനെതിരെ ചുമത്തും. കുറ്റപത്രത്തില്‍ നടി മഞ്ജു വാര്യരെ സാക്ഷിയാക്കില്ലെന്നാണ് സൂചന. മഞ്ജുവിനെ സാക്ഷിയാക്കണമെന്ന് പോലീസിന് നിയമോപദേശം കിട്ടിയിരുന്നു. എന്നാല്‍ അവര്‍ ചില അസൗകര്യങ്ങള്‍ അറിയിച്ചതിനാലാണ് ഒഴിവാക്കുന്നതെന്നാണ് സൂചന. കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കുന്നത്.