ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ എന്‍സിപിയുടെ മന്ത്രിയാകും: പീതാംബരന്
എന്‍സിപിയുടെ രണ്ട് എംഎല്‍എമാരും അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനായി വരുന്നയാള്‍ അടുത്ത മന്ത്രിയാകുമെന്നു പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്. തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചശേഷം തിരുവനന്തപുരത്തു വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിസ്ഥാനം എന്‍സിപിക്കായി ഒഴിച്ചിടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും രാജിക്ക് ഉപാധികള്‍ വച്ചിട്ടില്ലെന്നും എന്‍സിപി അധ്യക്ഷന്‍ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാലല്ല രാജി.
ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നത് വരെ മാറിനില്‍ക്കുകയാണ്. മുന്നണിയുടെ യശ്ശസുയര്ത്താനാണ് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം രാജിവച്ചത്. ചാണ്ടിയുടെ നിരപരാധിത്വം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രനേതൃത്വത്തോട് ആലോചിച്ചാണ് തീരുമാനമെടുത്തത്.
കോടതി വിധി തോമസ് ചാണ്ടിക്കെതിരല്ല. ശശീന്ദ്രനോ തോമസ് ചാണ്ടിയോ. ആദ്യം ആരാണോ കുറ്റവിമുക്തനാകുന്നത് അവര്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരും. സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്തത് കീഴ്വഴക്കമില്ലാത്ത നടപടിയാണ്. ഘടകകക്ഷികളെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയാണോ എന്ന് സിപിഐ തന്നെ പരിശോധിക്കണമെന്നും പീതാംബരന് പറഞ്ഞു.