ശശികലയുടെയും കുടുംബാംഗങ്ങളുടെയും പക്കല്‍ കണക്കില്‍പ്പെടാത്ത 1,430 കോടി രൂപയുടെ വരുമാനം കണ്ടെത്തി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് അടുത്ത കുരുക്ക്. ശശികലയുടെയും കുടുംബാംഗങ്ങളുടെയും പക്കല്‍ 1,430 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തി.
കഴിഞ്ഞ അഞ്ച് ദിവസമായി ശശികലയുടെയും കുടുംബാംഗങ്ങളുടെയും വീടുകളിലും ജയ ടിവിയുടെ ഓഫീസിലും ആദായനികുതി വകുപ്പു നടത്തിയ റെയ്ഡിലാണ് കണക്കില്‍പ്പെടാത്ത വരുമാനം കണ്ടെത്തിയത്. ആദായനികുതി വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതില്‍ ഏഴു കോടി രൂപ പണമായും അഞ്ചു കോടിയുടെ സ്വര്‍ണവും വജ്രാഭരണങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. ഇവയുടെ മൂല്യം കണക്കാക്കി വരുന്നതേയൂള്ളൂവെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി വജ്രാഭരണ രംഗത്തെ വിദഗ്ധരെ വിളിച്ചുവരുത്തിയിട്ടുണ്ട്. ശശികലയുടേയും സംഘത്തിന്റെയും ഉടമസ്ഥതയിലുള്ള 187 ഇടങ്ങളില്‍ നടന്ന പരിശോധനയിലാണ് കണക്കില്‍ പെടാത്ത സ്വത്ത് കണ്ടെത്തിയത്.
അതേസമയം ഇപ്പോള്‍ കണ്ടെത്തിയ കണക്ക് അന്തിമമല്ലെന്നും രേഖകളെല്ലാം വിശദമായി പരിശോധിച്ചു കഴിയുമ്പോള്‍ വലിയ വ്യത്യാസം വന്നേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ശശികലയുടെ കുടുംബാംഗങ്ങളുടെ പേരില്‍ നിരവധി വ്യാജ കമ്പനികള്‍ പടുത്തുയര്‍ത്തിയിരിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇതിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ധാരാളം രേഖകളും കണ്ടെടുത്തവയില്പ്പെടുന്നുണ്ടെന്നും, ഇവ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ശശികല, സഹോദരപുത്രനും അണ്ണാ ഡിഎംകെ വിമതനേതാവുമായ ടി.ടി.വി.ദിനകരന് എന്നിവരുടെ വീടുകളിലും ഇവരുടെ നിയന്ത്രണത്തിലുള്ള പാര്‍ട്ടി ചാനലായ ജയ ടിവി, മുഖപത്രമായ നമത് എംജിആര്‍ എന്നിവയുടെ ഓഫിസുകളിലും ജയലളിതയുടെ വേനല്‍ക്കാല വസതിയായിരുന്ന കൊടനാട് എസ്റ്റേറ്റിലുമാമ് പരിശോധന നടത്തിയത്.