എബിവിപി പ്രവര്‍ത്തകരെ സ്വാഗതം ചെയ്ത് അനൗണ്‍സ്മെന്റ്: തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് അധികൃതരുടെ നടപടി വിവാദത്തില്‍
തിരുവനന്തപുരം: ട്രെയിന്‍ അറിയിപ്പുകള് നല്‍കാനുള്ള അനൗണ്‍സ്മെന്റ് സംവിധാനം ഉപയോഗിച്ച് തലസ്ഥാനത്തെത്തിയ എ.ബി.വി.പിക്കാരെ സ്വാഗതം ചെയ്ത് റെയില്‍വേ. ഇന്ന് തലസ്ഥാനത്ത് നടക്കുന്ന എ.ബി.വി.പി റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയായിരുന്നു സ്വാഗതം ആശംസിച്ചും നിര്‍ദേശങ്ങള്‍ നല്‍കിയുമുള്ള റെയില്‍വെയുടെ അനൗണ്‍സ്മെന്റ എത്തിയത്.
റാലിയില്‍ പങ്കെടുക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തമ്പാനൂരില്‍ എത്തിയിരുന്നു. ഇവര്‍ക്കായി സ്റ്റേഷനില്‍ മൂന്ന് കൗണ്ടറുകള്‍ സംഘാടകള്‍ ഒരുക്കിയിരുന്നു. ഒന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് മറ്റ് ട്രെയിനുകളുടെ അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കുന്നതിനിടെയാണ് പ്രവര്‍ത്തകരെ തലസ്ഥാനത്തേക്ക് സ്വാഗതം ചെയ്തുള്ള സന്ദേശം എത്തിയത്. പ്രവര്‍ത്തകര്‍ക്കുവേണ്ട നിര്‍ദേശങ്ങളും അനൗണ്‍സ്മെന്റിന്റെ ഭാഗമായി ഉണ്ടായിരുന്നു.
സാധാരണ പരസ്യങ്ങള്‍ നല്കുമ്പോള് അതിന് തൊട്ടുമുമ്പുണ്ടാവാറുള്ള ഗാനശകലങ്ങളൊന്നും ഈ അറിയിപ്പിനൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഓരോ ട്രെയിന്‍ വന്നുപോകുമ്പോഴും ട്രയിന്‍ അറിയിപ്പുകള് നല്കുന്ന രീതിയില്‍ ഹിന്ദിയിലും മലയാളത്തിലും ഇംഗ്ലീഷിലും എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് സ്വാഗതം അറിയിക്കുകയും അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.
റെയില്‍വെ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു ആവശ്യത്തിന് ഔദ്യോഗിക സംവിധാനം ഉപയോഗിച്ചതെന്നാണ് സൂചന. അതേസമയം ഔദ്യോഗിക അറിയിപ്പുകള്‍ക്ക് പുറമെ ഏജന്‍സി വഴി ലഭിക്കുന്ന പരസ്യങ്ങള്‍ ഡിവിഷന് അധികൃതരുടെ അനുമതിയോടെ നിശ്ചിത സമയത്തേക്ക് നല്‍കാറുണ്ട്. എന്നാല്‍ സ്വാഗതമാശംസിക്കല്‍ സന്ദേശം അനൗണ്‍സ്മെന്റെ് വഴി നല്‍കുന്നതിന് ഡിവിഷന് അധികൃതരുടെ അനുമതിയുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.