തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലെ ക്രമക്കേട് സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

single-img
4 November 2017

കോട്ടയം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചതിലെ ക്രമക്കേടുകളെ സംബന്ധിച്ച കേസ് കോട്ടയം വിജിലന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷ് നല്‍കിയ പരാതിയിലാണ് നടപടി.

മുന്‍പ് കേസ് പരിഗണിച്ച കോടതി 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് രണ്ടാഴ്ച്ച സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം വിജിലന്‍സ് കോടതി അംഗീകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇന്നത്തേക്ക് കേസ് വീണ്ടും മാറ്റി വെച്ചത്. ആരോപണങ്ങള്‍ കൂടുതല്‍ ബലപ്പെട്ട സാഹചര്യത്തില്‍ തോമസ് ചാണ്ടിയ്‌ക്കെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുന്നതുവരെ സമരം തുടരുമെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ മന്ത്രിയ്‌ക്കെതിരെ നിലപാട് കടുപ്പിക്കാനാണ് സിപിഐഎമ്മിന്റെയും തീരുമാനം. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്.