ജീവനക്കാരന്‍ ‘പണികൊടുത്തു’: ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി

single-img
3 November 2017

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. നാല്‍പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ട് 11 മിനുട്ട് നേരത്തേക്ക് ട്വിറ്ററില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം.

അക്കൗണ്ട് ഡിലീറ്റായി മിനിറ്റുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും അഭ്യൂഹങ്ങളും പരന്നതോടെ ട്വിറ്റര്‍ ജീവനക്കാരിലൊരാള്‍ മനഃപൂര്‍വം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നെന്ന് ട്വിറ്റര്‍ കമ്പനി വ്യക്തമാക്കി.

ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടിയെടുക്കുമെന്നു പറഞ്ഞ ട്വിറ്റര്‍, ആരാണ് ആ ജീവനക്കാരനെന്നു വെളിപ്പെടുത്തിയില്ല. ക്ഷമിക്കണം ഈ പേജ് നിലവില്ല’ എന്നാണ് @realDonaldTrump എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തിരയുമ്പോള്‍ ട്രംപിന്റെ അക്കൗണ്ടില്‍ കയറിയവര്‍ക്ക് കാണാനായത്.

പ്രാദേശിക സമയം വൈകിട്ടു നാലുമണിക്കാണ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായത്. അതേസമയം പ്രസിഡന്റിന്റെ അക്കൗണ്ട് ഡീആക്ടിവേറ്റ് ആയിപ്പോയ സംഭവത്തില്‍ വൈറ്റ്ഹൗസ് പ്രതികരിച്ചിട്ടില്ല. സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഉത്തര കൊറിയയ്‌ക്കെതിരായി തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ കൊടുക്കുന്ന ട്രംപിന്റെ അക്കൗണ്ട് കാണാതായതു പലതരം ആശങ്കകള്‍ക്കും വഴി തുറന്നു. അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നായിരുന്നു ആദ്യം പ്രചരിച്ചത്. സുരക്ഷിതമായി അക്കൗണ്ട് സൂക്ഷിക്കാത്തതിനു പ്രസിഡന്റിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നു.

മോശമായ രീതിയില്‍ പ്രതികരണം നടത്തിയാല്‍ ട്വിറ്റര്‍തന്നെ അക്കൗണ്ട് നീക്കം ചെയ്യാറുണ്ടെന്ന ചര്‍ച്ചകളും സജീവമായി. ലോകം സമാധാനം അനുഭവിച്ച 11 മിനുട്ടുകളായിരുന്നു ആ സമയമെന്നും ട്വിറ്ററിന് നന്ദിയെന്നുമാണ് ചിലരുടെ കമന്റ്‌സ്. ട്രംപിന്റെ അക്കൗണ്ട് തിരിച്ചുകിട്ടിയത് ദൗര്‍ഭാഗ്യകരമെന്ന് പറയുന്നവരുമുണ്ട്.

ട്രംപ് തന്റെ ഈ പെഴ്‌സണല്‍ അക്കൗണ്ട് വഴിയാണ് അമേരിക്കയിലെ ജനങ്ങളുമായി സംവദിക്കുന്നതും സര്‍ക്കാരിന്റെ നയങ്ങള്‍ പ്രഖ്യാപിക്കാറുള്ളതും. 2009ലാണ് ട്രംപ് ട്വിറ്ററിലെത്തിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്തും ട്വിറ്റര്‍വഴി ട്രംപ് പ്രചാരണം നടത്തിയിരുന്നു. ഇപ്പോള്‍ 41 മില്ല്യണിലധികം ഫോളോവേഴ്‌സ് ട്രംപിനുണ്ട്.