രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം തന്റെ മകളെ പലതവണ പീഡിപ്പിച്ചു; സഹായം ചെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ്; വെളിപ്പെടുത്തലുമായി നടി പ്രത്യുഷയുടെ അമ്മ

single-img
3 November 2017

ഹൈദരാബാദ്: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകള്‍ മരിച്ച സംഭവം ആത്മഹത്യ അല്ലെന്നും അത് കൊലപാതകമാണെന്നും ആരോപിച്ച് നടി പ്രത്യുഷയുടെ അമ്മ സരോജിനി ദേവി രംഗത്ത്. സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ആണ് പ്രതികളെന്നും ഇവര്‍ ആരോപിച്ചു. സിനിമാ ലോകത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നതാണ് സരോജിനി ദേവിയുടെ പുതിയ വെളിപ്പെടുത്തല്‍.

തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്ന് അന്നേ തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് സരോജിനി പറഞ്ഞു. അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണ്. മകളുടെ മരണത്തിന് പിന്നില്‍ പല പ്രമുഖരുടെയും കരങ്ങളുണ്ട് എന്നും അവര്‍ പറയുന്നു.
സമൂഹത്തില്‍ ഉന്നത പദവിയില്‍ ഇരിക്കുന്നവരാണ് എല്ലാത്തിനും പിന്നിലെന്നും രാഷ്ട്രീയ പ്രവര്‍ത്തകര്‍ അടക്കം തന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നും സരോജിനി പറഞ്ഞു.

മകളെ ബലാത്സംഗം ചെയ്യുന്നതിനു അവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്തത് കാമുകന്‍ സിദ്ധാര്‍ത്ഥ് റെഡ്ഡിയാണെന്നും മരണത്തില്‍ പല പ്രമുഖരും ആവശ്യമില്ലാതെ ഇടപ്പെട്ടെന്നും ഇവര്‍ പറയുന്നു. അടുത്ത ബന്ധുക്കളും തെലുങ്കിലെ ചില രാഷ്ട്രീയ പ്രമുഖരും ഇടപെട്ട് കേസ് വഴിതിരിച്ചുവിട്ടതാണെന്നും സരോജിനി ആരോപിക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ എതിര്‍ത്തതില്‍ പ്രത്യുഷയ്ക്ക് അതിയായ വേദന ഉണ്ടായിരുന്നു എന്നും ഇതേ തുടര്‍ന്ന് നടി ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ അന്ന് തന്നെ സരോജിനി ദേവി ആ റിപ്പോര്‍ട്ട് നിഷേധിച്ചിരുന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നു മകളെന്നും, ആ സമയത്ത് അവള്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ലെന്നും നടിയുടെ അമ്മ പറഞ്ഞു.

2001 നവംബര്‍ 23നാണ് ഞാന്‍ എന്റെ മകളെ ഏറ്റവും അവസാനം പൂര്‍ണ ആരോഗ്യവതിയായി ജീവനോടെ കണ്ടത്. സിദ്ധാര്‍ത്ഥ് റെഡ്ഡിയുമായുള്ള മകളുടെ പ്രണയത്തെ ഞാനൊരിക്കലും എതിര്‍ത്തിട്ടില്ല എന്ന് സരോജിനി വ്യക്തമാക്കുന്നു. എന്നാല്‍ ആദ്യം രണ്ട് പേരും കരിയര്‍ ശ്രദ്ധിച്ചതിന് ശേഷം വിവാഹത്തിലേക്ക് കടന്നാല്‍ മതി എന്ന് ഉപദേശിച്ചിരുന്നു. 2002 ല്‍ ഗാന്ധി ഹോസ്പിറ്റലിലെ ഫോറന്‍സിക് വിഭാഗം മേധാവി ബി മുനിസ്വാമി പറഞ്ഞത് ഈ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നുമാണ്.

ഇക്കാര്യം ചണ്ടിക്കാണിച്ച് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മാത്രമല്ല പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐ സിഐഡി അന്വേഷണം നടത്തിയെങ്കിലും അവര്‍ അതെല്ലാം പൂര്‍ണ്ണമായി നിഷേധിക്കുകയായിരുന്നെന്ന് സരോജിനി ആരോപിക്കുന്നു. പതിനഞ്ചു വര്‍ഷം മുന്‍പാണ് ആത്മഹത്യ ചെയ്ത നിലയില്‍ നടി പ്രത്യുഷയെയും അബോധാവസ്ഥയില്‍ കാമുകനെയും കാറില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആത്മഹത്യാ പ്രേരണ കുറ്റത്തിന് സിദ്ധാര്‍ത്ഥിന്റെ കോടതി അഞ്ചു വര്‍ഷം ശിക്ഷിച്ചിരുന്നു.