സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ്

single-img
3 November 2017

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് പിതാവ് എം.പി.സി.നാസര്‍. കേസില്‍ ഡിആര്‍ഐയുടെ അഭിഭാഷകന്‍ തന്റെ മകനെ കുടുക്കിയതാണെന്നും നാസര്‍ ആരോപിച്ചു. കൊഫെപോസ നിയമ പ്രകാരം തടവ് വിധിച്ചതിനെ തുടര്‍ന്ന് മൂന്നു കൊല്ലമായി ദുബായില്‍ ഒളിവില്‍ കഴിയുകയാണ് അബുലൈസ്.

ഏഴാം പ്രതിയായ കൊടുവള്ളി നഗരസഭാംഗം കാരാട്ട് ഫൈസലാണ് തുടക്കത്തില്‍ കേസ് നടത്തിയിരുന്നത്. എന്നാല്‍ കൊഫെപോസ ചുമത്തിയതോടെ പരസ്പരം തെറ്റിയെന്നും നാസര്‍ പറഞ്ഞു. അതേസമയം കേസില്‍ പെട്ടതോടെ മകന്‍ നാട്ടിലെത്തിയിട്ടില്ലെന്നാണ് നാസറിന്റെയും കുടുംബത്തിന്റെയും വാദം.

ഏഴുമാസം മുമ്പ് അബുലൈസ് കൊടുവള്ളിയിലെ കൊയപ്പ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തതിന്റെ തെളിവുകള്‍ ഡിആര്‍ഐ ശേഖരിച്ചിട്ടുണ്ട്. അബുലൈസിനെ രക്ഷിക്കാന്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് ഇടപെട്ടതായും സൂചനയുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും 2017 ജനുവരിയിലും ഏപ്രിലിലും അബുലൈസ് കേരളത്തിലെത്തി. ഡിആര്‍ഐയുടെ തിരിച്ചറിയല്‍ നോട്ടീസുള്ളതിനാല്‍ കാഠ്മണ്ഡു വഴിയാണ് നാട്ടിലെത്തിയിരുന്നത്. യാത്രയ്ക്കിടെ ജനുവരിയില്‍ യുപി പൊലീസിന്റെ പിടിയിലാവുകയും മണിക്കൂറുകള്‍ക്കകം കേരള പൊലീസിലെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശ് പൊലീസുമായി ബന്ധപ്പെടുകയും ചെയ്തു.

തുടര്‍ന്ന് പ്രതികള്‍ നാട്ടിലുണ്ടെന്ന വിവരം ഡിആര്‍ഐ അറിയിച്ചെങ്കിലും അബുലൈസിനെ പിടികൂടാതെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ഒത്തുകളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളങ്ങള്‍ വഴി 39 കിലോ സ്വര്‍ണം കടത്തിയ സംഘത്തിലെ പ്രധാനിയാണ് അബുലൈസ്.