ചാലക്കുടി രാജീവ് വധം: കയ്യബദ്ധം പറ്റിയെന്ന് അഡ്വ. സി.പി ഉദയഭാനുവിന്റെ കുറ്റസമ്മതം

single-img
2 November 2017

തൃശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ താന്‍ കുറ്റക്കാരനല്ലെന്ന് അറസ്റ്റിലായ ഏഴാം പ്രതി അഡ്വ. സി.പി ഉദയഭാനു. കേസിലെ ആദ്യ മൂന്നു പ്രതികള്‍ക്ക് പറ്റിയ കയ്യബദ്ധമാണ് കൊലപാതകം. നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടുന്നതിന് വേണ്ടി രാജീവിനെ തട്ടിക്കൊണ്ടുപോയി രേഖകളില്‍ ഒപ്പുവയ്ക്കാനായിരുന്നു പദ്ധതിയിട്ടത്.

അതിനുവേണ്ടി രാജീവിനെ ബന്ദിയാക്കാന്‍ തന്റെ കക്ഷിയായ ജോണിക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, കൊല്ലരുതെന്ന് പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ കരാറില്‍ നിര്‍ബന്ധിച്ച് ഒപ്പുവയ്പ്പിക്കുന്നതിനിടെ മരണം സംഭവിച്ചു. ചക്കര ജോണിക്കും രഞ്ജിത്തിനും പറ്റിയ കൈയബദ്ധമാണ് രാജീവിന്റെ കൊലപാതകമെന്നും ഡി.വൈ.എസ്.പി ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ഉദയഭാനു പറഞ്ഞു.

ഇന്നലെ രാത്രി ഏഴു മണിയോടെ ഉദയഭാനുവിന്റെ രണ്ടാമത്തെ സഹോദരന്‍ അജയ്‌ഘോഷിന്റെ വസതിയായ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് മ്യൂസിയത്തിന് സമീപമുള്ള വയലില്‍ റോഡിലെ സൗപര്‍ണികയില്‍ നിന്നാണ് അഭിഭാഷകനെ പൊലീസ് പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി പത്തു മണിയോടെ പ്രത്യേക അന്വേഷണസംഘത്തിന്റെ ആസ്ഥാനമായ തൃശൂര്‍ റൂററില്‍ എത്തിച്ചു. ഇന്നലെ രാത്രി എസ്.പി യതീഷ് ചന്ദ്ര ഉദയഭാനുവിനെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറിലധികം നീണ്ടു നിന്നതായാണ് പൊലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.

പ്രത്യേകം ചോദ്യാവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായി ഫോണില്‍ നിരന്തരം ബന്ധപ്പെടാനുണ്ടായ സാഹചര്യം, കൊല്ലപ്പെട്ട രാജീവുമായുള്ള ബന്ധം, വസ്തു ഇടപാടുകള്‍ നടത്തിയതുമായുള്ള വിവരങ്ങള്‍ എന്നിവയാണ് ചോദ്യാവലിയില്‍ ഉള്‍പ്പെട്ടതെന്നാണ് സൂചന.

സെപ്തംബര്‍ 29ന് ചാലക്കുടി തവളപ്പാറയില്‍ കോണ്‍വെന്റിന്റെ ആളൊഴിഞ്ഞ പറമ്പിലാണ് രാജീവ് കൊല്ലപ്പെട്ടത്. ഉദയഭാനുവും രാജീവും തമ്മിലുള്ള അടുപ്പത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇവര്‍ തമ്മില്‍ തെറ്റിയതോടെ ഉദയഭാനുവില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജീവ് കോടതിയെയും സമീപിച്ചിരുന്നു.

കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ നാലു പേരെയും ചക്കര ജോണി, രഞ്ജിത് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ഇടപാടില്‍ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടത്തിയ ശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.