കുട്ടികളെ ബൈബിള്‍ ക്‌ളാസിന് കൊണ്ടുപോയവരെ ഹിന്ദു ധര്‍മ ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

single-img
1 November 2017

മതംമാറ്റി ക്രിസ്ത്യാനികളാക്കാന്‍ കുട്ടികളെ കേരളത്തിലേക്ക് കടത്തുന്നു എന്ന് ആരോപിച്ച് ക്രിസ്ത്യന്‍ വീട്ടമ്മയ്ക്കും യുവാവിനും ക്രൂരമര്‍ദ്ദനം. മുംബൈയിലേക്ക് ബൈബിള്‍ പഠനത്തിന് പോകാന്‍ കുട്ടികളുമായി ഇന്‍ഡോര്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ യുവതിയെ തീവ്ര ഹിന്ദുത്വസംഘടനയായ ഹിന്ദു ധര്‍മ ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും കള്ളക്കേസില്‍പ്പെടുത്തുകയുമായിരുന്നു. പോലീസിന്റെ അറിവോടെ ബലംപ്രയോഗിച്ച് അജ്ഞാതകേന്ദ്രത്തില്‍ എത്തിച്ച കുട്ടികളെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ഒക്ടോബര്‍ 23നായിരുന്നു സംഭവം. ക്രിസ്ത്യന്‍ ക്വാര്‍ട്ടേഴ്‌സ് സ്‌കീം 78ലെ താമസക്കാരിയായ അനിത ജോസഫും പത്തൊമ്പതുകാരിയായ മകളും അയല്‍വാസികളായ ഏഴ് ക്രിസ്ത്യന്‍ കുട്ടികളുമാണ് ആക്രമണത്തിനിരയായത്. മുംബൈയിലേക്ക് പുറപ്പെടാന്‍ ഇന്‍ഡോര്‍‌സ്റ്റേഷനില്‍ നിന്നും അവന്തിക എക്‌സ്പ്രസ് ട്രെയിനില്‍ കയറിയ ഇവരെ ഹിന്ദു ധര്‍മ ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. അനിത ജോസഫിനെയും കുട്ടികളെയും സ്റ്റേഷനില്‍ കൊണ്ടുവിട്ട അമൃത്കുമാര്‍ മതേരയ്ക്കും മര്‍ദ്ദനമേറ്റു.

കുട്ടികളെ ഇവര്‍ കടത്തിക്കൊണ്ടുപോകുകയാണെന്നും മുംബൈയില്‍നിന്ന് കേരളത്തിലെത്തിച്ച് മതപരിവര്‍ത്തനം നടത്താനാണ് പദ്ധതിയെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇവരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ ഇവരെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രവര്‍ത്തകരുടെ വാക്കുകേട്ട് പൊലീസ് അനിതയ്ക്കും അമൃതിനും എതിരെ കുട്ടികളെ തട്ടിക്കൊണ്ടുപോയെന്നും മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്നും ആരോപിച്ച് മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.

കുട്ടികളെ അഭയകേന്ദ്രത്തിലാക്കുകയും അനിതയുടെ പ്രായപൂര്‍ത്തിയായ മകള്‍ സോഫിയയെ വീട്ടിലേക്ക് വിടുകയും ചെയ്തു. തുടര്‍ന്ന് അനിതയെയും അമൃതിനെയും റിമാന്‍ഡ് ചെയ്തു. പിന്നാലെ അമൃതിന് എതിരെ ഒരു ദിവസം കൂടിക്കഴിഞ്ഞ് മറ്റൊരു വ്യാജ പോക്‌സോ കേസു കൂടി ചുമത്തി. ഇത്തരത്തില്‍ കേസ് കെട്ടിച്ചമയ്ക്കാന്‍ ഹിന്ദു ജാഗരണ്‍ മഞ്ചിനൊപ്പം ബിജെപി ഭരണത്തിലുള്ള മധ്യപ്രദേശിലെ പൊലീസും കൂട്ടുനില്‍ക്കുകയായിരുന്നു.

എന്നാല്‍ കുട്ടികളെ കാണാനില്ലെന്ന് വ്യക്തമാക്കി രക്ഷിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതോടെയാണ് വിഷയം കോടതിക്ക് മുന്നിലെത്തിയതും വ്യാജക്കേസിലെ തട്ടിപ്പ് പൊളിഞ്ഞതും. ഇന്നലെ കേസ് വിചാരണയ്‌ക്കെടുത്ത ജസ്റ്റിസുമാരായ എസ് സി ശര്‍മ്മയും അലോക് വര്‍മ്മയും ഉള്‍പ്പെട്ട ബഞ്ച് കുട്ടികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കാന്‍ പ്രൊസിക്യൂഷനോട് നിര്‍ദേശിച്ചു. തങ്ങളുടെ കുഞ്ഞുങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പൊലീസ് കുഞ്ഞുങ്ങളെ വിട്ടുനല്‍കിയില്ലെന്നും മാതാപിതാക്കള്‍ കോടതിയെ ബോധിപ്പിച്ചു.

തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് ഇത്തരമൊരു വ്യാജകേസ് ചമച്ചതെന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു. മാതാപിതാക്കള്‍ക്കു വേണ്ടി ഡെന്നിസ് മിഖായേല്‍ എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഈ സംഭവം അറിഞ്ഞ് പൊലീസ് സ്റ്റേഷനില്‍ വിവരം തിരക്കാന്‍ എത്തിയപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഡെന്നിസ് പറഞ്ഞു. ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ സ്റ്റേഷനില്‍വച്ച് തന്നെയും കുഞ്ഞുങ്ങളേയും ബന്ധുക്കളേയും അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തിട്ടും പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും ഡെന്നിസ് പറയുന്നു.

കുട്ടികളെ ഉടന്‍ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ നിര്‍ദേശിച്ച കോടതി ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് വിനോദ് ശര്‍മ്മയ്ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്‍ഡോര്‍ ജിആര്‍പി സ്റ്റേഷന്റെ ചുമലയുള്ള ആഭ്യന്തര സെക്രട്ടറിയോട് സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. അതേസമയം അമൃതിന് എതിരെ വ്യാജ പോക്‌സോ കേസ് ചമയ്ക്കാന്‍ പരാതി നല്‍കിയ പെണ്‍കുട്ടി കോടതിയിലെത്തി തന്നെ ഉപദ്രിവിച്ചുവെന്ന പൊലീസ് വാദം നിഷേധിച്ചു. ഈ വിഷയം കോടതി നവംബര്‍ ആറിന് പരിഗണിക്കും. അഞ്ചു മുതല്‍ 17 വയസുവരെയുള്ള കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്.