വീണ്ടും മോദി സര്‍ക്കാരിന്റെ ഇരുട്ടടി; പാചകവാതകത്തിന് കുത്തനെ വില കൂട്ടി; സിലിണ്ടറിന് കൂടിയത് 94 രൂപ

single-img
1 November 2017

ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് പാചകവാതക വില കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ് സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സബ്‌സിഡിയുള്ള സിലിണ്ടറിന്റെ വില 729 രൂപയായി.

വാണിജ്യാവശ്യങ്ങള്‍ക്കുള്ള ഗ്യാസിന് 149 രൂപയും വര്‍ധിപ്പിച്ചു. ഇതോടെ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വില 1289 രൂപയായി ഉയര്‍ന്നു. ഒക്ടോബറില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്ക് 78 രൂപയും കൂട്ടിയിരുന്നു.

പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. സാധാരണ സിലിണ്ടറിന് 94 രൂപ കൂട്ടിയെങ്കിലും 84 രൂപ സബ്‌സീഡിയായി ലഭിക്കുന്നതിനാല്‍ 4 രൂപ 60 പൈസയാകും ഉപഭോക്താവിന് ഫലത്തില്‍ കൂടുതല്‍ നല്‍കേണ്ടി വരിക. അതേസമയം കേരളത്തില്‍ ആകെയുള്ള 46 ലക്ഷം ഉപയോക്താക്കളില്‍ പത്തു ശതമാനത്തിനു സബ്‌സിഡിയില്ല.

അതായത്, നാലരലക്ഷംപേര്‍ ഒരു സിലിണ്ടറിനു 94 രൂപ അധികം നല്‍കേണ്ടിവരും. സെപ്റ്റംബറില്‍ സിലിണ്ടറൊന്നിന് ഏഴു രൂപ കൂട്ടിയിരുന്നു. അടുത്ത മാര്‍ച്ചോടെ സബ്‌സിഡി ഇല്ലാതാക്കുന്നതിനു മുന്നോടിയായി എല്ലാ മാസവും എല്‍പിജി വില വര്‍ധിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം അനുസരിച്ചാണിത്.