‘മോദി വടി കൊടുത്ത് അടി വാങ്ങി’: രാഹുലിനെതിരെ പ്രയോഗിച്ച ഹാഷ് ടാഗ് ട്രെന്റിംഗ് തിരിച്ചടിച്ചു; ‘പപ്പുമോദി’യെന്ന് കളിയാക്കല്‍; സോഷ്യല്‍ മീഡിയയില്‍ മോദി പ്രഭാവം മങ്ങി

single-img
28 October 2017

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോഷ്യല്‍ മീഡിയയില്‍ മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്. എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസ്.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം തട്ടിച്ചിരുന്നു.

ഇതിനുപിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയയിലെ തുടര്‍ച്ചയായ ഇടപെടലുകളും മോദി പ്രഭാവത്തിന് തിരിച്ചടിയായതായാണ് വിലയിരുത്തല്‍. അതേസമയം രാഹുല്‍ ഗാന്ധിയെ അപമാനിക്കാനായി ആരംഭിച്ച ഹാഷ് ടാഗ് ട്രെന്റിംഗ് ഇപ്പോള്‍ ബി.ജെ.പിയേയും മോദിയേയും തിരിഞ്ഞു കൊത്തിയിരിക്കുകയാണ്.

2014 ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ പപ്പുമോന്‍ എന്ന് വിളിച്ചായിരുന്നു ബി.ജെ.പി അപമാനിച്ചത്. ഇതേ ഹാഷ് ടാഗാണ് ഇപ്പോള്‍ ബി.ജെ.പിയെ തിരിഞ്ഞു കൊത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പപ്പുമോദി എന്ന ഹാഷ് ടാഗ് ട്രെന്റായി മാറിയിരിക്കുകയാണ്.

മോദി സര്‍ക്കാരിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങളും വ്യാജ പ്രചരണങ്ങളുമെല്ലാം കുത്തിപ്പൊക്കി ട്രോളാക്കി മാറ്റി പപ്പുമോദി ഹാഷ് ടാഗിലൂടെ പ്രചരിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതുകൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയെ പഴയപോലെ ചെറുക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന് സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.

രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും എന്‍.ഡി.എയിലെ തന്നെ സഖ്യകക്ഷികള്‍ രംഗത്തു വന്നതും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനകം തന്നെ മോദിയെ, മണ്ടന്‍ പ്രധാനമന്ത്രിയാക്കിയും പപ്പുമോദിയാക്കിയും നിരവധി ട്രോളുകളും പോസ്റ്റുകളുമാണ് എത്തിയത്.

ശിവസേന എംപി സഞ്ജയ് റാവത്താണ് രാഹുല്‍ഗാന്ധിയെ പുകഴ്ത്തി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ റാവത്ത്, മോദി തരംഗം മങ്ങിയതായും വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിജെപിയെ ഞെട്ടിച്ച, ശിവസേന എം.പിയുടെ പ്രസ്തവന.

ചര്‍ച്ചയില്‍, സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും, റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണെന്നും ജനങ്ങള്‍ മനസുവെച്ചാല്‍ ആരെയും പപ്പുവാക്കാന്‍ സാധിക്കുമെന്നും റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.