ഗുജറാത്ത് അസ്സംബ്ലി തെരഞ്ഞെടുപ്പ്: ഹാര്‍ദിക്ക് പട്ടേല്‍ രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ പങ്കെടുത്തേക്കും

single-img
28 October 2017

ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോണ്ഗ്രസ് വൈസ് പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി നയിക്കുന്ന നവസര്‍ജ്ജന്‍ യാത്രയുടെ മൂന്നാം ഘട്ടത്തില്‍ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദിക് പട്ടേല്‍ പങ്കെടുക്കുമെന്ന്‍ റിപ്പോര്‍ട്ടുകള്‍. സൂറത്തിലെ വരാച്ഛ മേഖലയില്‍ വെച്ചു നടക്കുന്ന മെഗാ റാലിയില്‍ ഹാര്‍ദിക് രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടാന്‍ സാധ്യതയുണ്ട് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാട്ടിദാര്‍ സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖലയായ വരാച്ഛയില്‍ നടക്കുന്ന റാലിയില്‍ അന്‍പതിനായിരത്തിലധികം പാട്ടിദാര്‍ സമുദായാംഗങ്ങള്‍ പങ്കെടുക്കുമെന്നാണ് കോണ്ഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ യുവമോര്‍ച്ച നേതാവ് റൂത്ത്വിജ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഒരു പൊതുസമ്മേളനം തടസ്സപ്പെടുത്തിയതിന് പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ എന്നാ സംഘടനയുടെ നിരവധി വോളണ്ടിയര്‍മാരെ പോലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന്‍ സംഘര്‍ഷഭരിതമാകുകയും ചെയ്ത മേഖലയാണിത്.

2015-ല്‍ ഈ മേഖലയില്‍  നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പാട്ടിദാര്‍ സമുദായത്തിന്റെ വോട്ടുകള്‍ ബിജെപിയില്‍ നിന്ന് കൊണ്ഗ്രസ്സിനു പോയതിന്റെ ഫലമായി കോണ്ഗ്രസ്സിന്റെ  23 കൌണ്‍സിലര്‍മാര്‍ വിജയിച്ചത് വലിയ വാര്‍ത്തയായിരുന്നു. രാഹുല്‍ ഗാന്ധി ആദ്യമായാണ്‌ ഈ മേഖലയില്‍ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്. ഹാര്‍ദിക് പട്ടേല്‍ ഈ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുകയാണെങ്കില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സാമുദായിക സമവാക്യങ്ങളില്‍ വന്‍ അട്ടിമറിയുണ്ടാക്കുമെന്നാണ് കോണ്ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിടുമോയെന്ന കാര്യത്തില്‍ ഹാര്‍ദിക് പട്ടേലിന്റെ ഭാഗത്തുനിന്നും സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.