‘പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്, എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ട്’: വിവാദങ്ങള്‍ക്ക് മറുപടിയുമായി മല്ലിക സുകുമാരന്‍

single-img
22 October 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കാനുള്ള തീരുമാനത്തെ ചൊല്ലിയുള്ള വിവാദം പുകയുകയാണ്. പൃഥ്വിരാജിന്റെ സമ്മര്‍ദത്തില്‍ ദിലീപിനെ പുറത്താക്കാന്‍ മമ്മൂട്ടി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്ന നടനും എം.എല്‍.എയുമായ ഗണേഷ് കുമാറിന്റെ വാദമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

എന്നാല്‍ ഇതെക്കുറിച്ച് മമ്മൂട്ടിയും പൃഥ്വിരാജും പരസ്യ പ്രതികരണങ്ങളുമായി രംഗത്ത് വന്നിട്ടില്ല. എന്നാല്‍ പൃഥ്വിരാജിന്റെ ഇടപെടല്‍ കാരണമല്ല അമ്മ നിലപാട് തിരുത്തിയതെന്ന് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘രാജു പറഞ്ഞത് ഇങ്ങനെയാണ്, എനിക്ക് ഇക്കാര്യത്തില്‍ എന്റേതായ അഭിപ്രായങ്ങളുണ്ട്. ഞാനത് ബന്ധപ്പെട്ടവരോട് പറയും. എന്നിട്ട് ഞങ്ങളെല്ലാവരും കൂടി കൂട്ടായ ഒരു തീരുമാനമെടുക്കും. ആ തീരുമാനം എനിക്കും കൂടെ അനുകൂലമാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അത് ശരിവയ്ക്കും.

വ്യത്യസ്തമാണെങ്കില്‍ തിരിച്ചു വന്ന് ഞാന്‍ പറയും. വളരെ അര്‍ത്ഥവത്തായിരുന്നു അത്. അമ്മേ വെറും അഞ്ച് മിനിറ്റ് കൊണ്ട് യോഗം തീര്‍ന്നെന്ന് അവന്‍ എന്റെ അടുത്ത് പറഞ്ഞു. പൃഥ്വിരാജ് ശക്തമായി സംസാരിച്ചുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. അതൊക്കെ പുറത്ത് വരുന്ന കഥകളാണ്.

അല്ലെങ്കിലും ഞാന്‍ ചോദിക്കട്ടെ. പൃഥ്വി എപ്പോഴാണ് മധുരമായി സംസാരിച്ചിട്ടുള്ളത്. എപ്പോഴും പൃഥ്വിയുടെ ഭാഷയ്ക്ക് കടുപ്പമുണ്ടായിരുന്നു. ഇത് തന്നെയായിരുന്നു സുകുമാരന്റെയും കുഴപ്പം. പറയുന്ന ഭാഷയ്ക്ക് അതിന്റേതായ ശക്തിയുണ്ട്, വ്യാഖ്യാനങ്ങളുണ്ട്. അത് കേള്‍ക്കുന്നവന് മനസ്സിലാകും’ മല്ലിക പറയുന്നു.

നേരത്തെ, ദിലീപിനെ പുറത്താക്കിയത് തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായി നടനും അമ്മ എക്‌സിക്യൂട്ടിവ് അംഗവുമായ കലാഭവന്‍ ഷാജോണ്‍ പറഞ്ഞിരുന്നു. ‘പൃഥ്വിരാജിന്റെ സമ്മര്‍ദ്ദത്തില്‍ മമ്മൂട്ടി കൈക്കൊണ്ട തീരുമാനമാണ് അതെന്ന പ്രചാരണം തെറ്റാണ്.

മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞിരുന്നു, താനടക്കം തീരുമാനത്തെ പിന്തുണച്ചു. ഇപ്പോള്‍ തീരുമാനം തെറ്റിയെന്നു സംശയിക്കുന്നതായും ദിലീപിനെ പുറത്താക്കിയതു പുനരാലോചിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും’ ഷാജോണ്‍ പറഞ്ഞിരുന്നു.