പ്രഥമ വനിതയെ ചൊല്ലി ഭാര്യമാര്‍ തമ്മില്‍ അടി: പൊല്ലാപ്പിലായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

single-img
10 October 2017

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ഭാര്യയും ഇപ്പോഴത്തെ ഭാര്യയും തമ്മില്‍ പ്രഥമ വനിതയുടെ സ്ഥാനത്തെ ചൊല്ലി തര്‍ക്കം. അമേരിക്കയിലെ പ്രഥമ വനിത താനാണെന്ന ട്രംപിന്റെ മുന്‍ഭാര്യ ഇവാനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മെലാനിയ ട്രംപ് രംഗത്ത് എത്തി.

കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് ഇവാന പറഞ്ഞത്. ട്രംപിന്റെ ആദ്യ ഭാര്യ താനാണ്, അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്.

എന്നാല്‍ ഇവാന, ട്രംപിന്റെ ആദ്യ ഭാര്യയാണെന്നും പ്രഥമ വനിത താനാണെന്നുമാണ് മെലാനിയ തിരിച്ചടിച്ചത്. ഇവാനയുടെ പ്രസ്താവനകളില്‍ പ്രത്യേകിച്ച് വസ്തുതകള്‍ ഒന്നുമില്ലെന്നും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ബഹളം വെയ്ക്കല്‍ മാത്രമാണ് ഇതെന്നുമാണ് മെലാനിയ പറയുന്നത്.

ട്രംപും ഇവാനയും തമ്മിലുണ്ടായിരുന്ന 13 വര്‍ഷങ്ങള്‍ നീണ്ട വിവാഹ ബന്ധം 1990 ല്‍ അവസാനിക്കുകയായിരുന്നു. ട്രംപിന് മാര്‍ല എന്ന യുവതിയുമായി ഉണ്ടായിരുന്ന പ്രണയമാണ് കാരണം. ഇവാനയുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷം ട്രംപ് മാര്‍ലാ മേപ്പിള്‍സിനെ വിവാഹം ചെയ്തു.

എന്നാല്‍ ആ ബന്ധവും പിരിഞ്ഞു. ഏറ്റവും ഒടുവില്‍ വിവാഹം കഴിച്ചതാണ് മെലാനിയയെ. പെണ്ണുങ്ങള്‍ തമ്മിലുള്ള ഈ പോര് ട്രംപിനെ പൊതുരംഗത്ത് പ്രതികൂലമായി ബാധിക്കുക തന്നെ ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്.

റെയ്‌സിംഗ് ട്രംപ് എന്ന പേരില്‍ ഇവാന എഴുതുന്ന ഓര്‍മക്കുറിപ്പ് പുറത്തിറക്കുന്നതിന് മുമ്പ് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇവാനയുടെ അവകാശവാദം. ട്രംപിന്റെ ആദ്യ ഭാര്യ ഞാനാണ്, അതുകൊണ്ട് പ്രഥമവനിതയും ഞാന്‍ തന്നെയാണ്.

വൈറ്റ്ഹൗസിലേക്ക് കയറിച്ചെല്ലാന്‍ എന്തുകൊണ്ടും അര്‍ഹയാണെന്നും എന്നാല്‍ അതിന് എനിക്ക് താല്‍പര്യമില്ല. ട്രംപിനെ നേരിട്ട് ഫോണില്‍ വിളിക്കാനുള്ള നമ്പര്‍ എന്റെ കൈയിലുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കാറില്ല, മെലാനിയ അവിടെയുണ്ടല്ലോ.

അവള്‍ക്ക് അസൂയ തോന്നിയാല്‍ കുറ്റം പറയാനാവുമോ. ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്നും ഇവാന പറഞ്ഞു. താന്‍ ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ഒരു സുഖമുണ്ട്. അത് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവാന പറഞ്ഞു. ട്രംപുമായുള്ള ദാമ്പത്യബന്ധം തകരാനുണ്ടായ കാരണങ്ങളും മറ്റുമാണ് പുസ്തകത്തില്‍ പറയുന്നത്.