യോഗി വന്നുപോയതോടെ പുലിവാലു പിടിച്ച് കേരളത്തിലെ ബിജെപി നേതാക്കള്‍: ദേശീയ തലത്തില്‍ പിണറായിക്കും കേരളത്തിനും കിട്ടിയത് ഒരു പരസ്യത്തിലും ലഭിക്കാത്ത മൈലേജ്

single-img
6 October 2017

വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലാണ് ഇപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍. ജനരക്ഷായാത്രക്ക് കേരളത്തിലെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടുത്തെ സംവിധാനങ്ങളേപ്പറ്റി നിരുത്തരവാദിത്തപരമായ പ്രസ്താവനകള്‍ നടത്തി മടങ്ങിയത് കേരളത്തിന് നേട്ടമാകുകയാണ്.

ഒരു പരസ്യത്തിലും ലഭിക്കാത്ത മൈലേജാണ് ദേശീയ തലത്തില്‍ കേരളാ മുഖ്യമന്ത്രിക്കും കേരളത്തിനും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കേരളത്തിന്റെ നേട്ടങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ഉത്തര്‍പ്രദേശിന്റെ ദയനീയാവസ്ഥ തുറന്നുകാട്ടുകയും ചെയ്തതോടെ ബിജെപി നേതാക്കള്‍ അപഹാസ്യരായി.

ചുരുക്കിപ്പറഞ്ഞാല്‍ കേരളത്തിന്റെ നേട്ടങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്ന മതമൈത്രിയും ദേശീയ തലത്തില്‍ത്തന്നെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് യോഗിയുടെയും അമിത് ഷായുടെയും സന്ദര്‍ശനം ഉപകരിച്ചത്.

ജനരക്ഷായാത്രക്ക് കേരളത്തിലേക്ക് തിരിക്കുന്നതിന് മുന്‍പ് സുന്ദരവും സന്തോഷപ്രദവും സമാധാന പ്രദവുമായ കേരള യാത്രയെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഈ വാക്കുകള്‍ തന്നെ യോഗിക്ക് തിരിച്ചടിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നുള്ള റീട്വീറ്റുകള്‍ യോഗിയെ ഞെട്ടിച്ചു. ഉത്തര്‍പ്രദേശിലെ നിരവധി പ്രശ്‌നങ്ങളില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ ബ്രേക്ക് ആയിരിക്കും ഈ കേരള യാത്രയെന്നായിരുന്നു പിണറായിയുടെ ആദ്യട്വീറ്റ്.

പത്രവാര്‍ത്തയനുസരിച്ച് താങ്കളുടെ സംസ്ഥാനത്ത് ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിട്ടും കേരളം സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തിയതിനേയും പിണറായി പരിഹസിച്ചിരുന്നു. യോഗിക്കുള്ള പിണറായിയുടെ മറുപടിയെ കടുത്ത പരിഹാസം എന്നും മികച്ച മറുപടി എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആശുപത്രികള്‍ എങ്ങനെ നടത്തിക്കൊണ്ട് പോകണമെന്നു തന്നെ കണ്ട് പഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ഉപദേശത്തിന് മറുപടിയുമായി ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ രംഗത്തെത്തി. തലശേരി സര്‍ക്കാര്‍ ആശുപത്രിയെയും ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയെയും താരതമ്യം ചെയ്ത് കൊണ്ടുള്ള പഠനത്തിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഇന്ത്യ ടുഡേ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സും എന്‍ഡിടിവിയും ഇക്കാര്യം വിശദമായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലൈവ്മിന്റ് ബിജെപി വാദങ്ങളെ കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ താരതമ്യം ചെയ്യുന്ന ഗ്രാഫിന്റെ സഹായത്തോടെ പൊളിച്ചടുക്കി. കടുത്ത മറുപടി എന്നാണ് ദി ഹിന്ദു ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ ദിവസം കുമ്മനത്തിന്റെ റാലിക്ക് ജനപിന്തുണയില്ലാത്തതിനാല്‍ അമിത് ഷാ മടങ്ങിപ്പോയ വാര്‍ത്ത ഹിന്ദുസ്ഥാന്‍ ടൈംസും ഔട്ട്‌ലുക്കും പുറത്തുവിട്ടിരുന്നു.