മതംമാറ്റല്‍ കേന്ദ്രത്തില്‍ ലൈംഗിക പീഡനം നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍; പെണ്‍കുട്ടികളെ എത്തിക്കുന്നത് ഹിന്ദു ഹെല്‍പ്പ് ലൈന്‍ വഴി

single-img
6 October 2017

കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തില്‍ ലൈംഗിക പീഡനവും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍. പ്രതീഷ് വിശ്വനാഥന്‍ നടത്തുന്ന ഹിന്ദു ഹെല്‍പ്പ് ലൈന്‍ വഴിയാണ് കേന്ദ്രത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നത്.

പെണ്‍കുട്ടികളുടെ നഗ്‌നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തുന്നതായും പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നുവെന്നും യോഗ കേന്ദ്രത്തിലെ മുന്‍ ഇന്‍സ്ട്രക്ടര്‍ കൃഷ്ണകുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

പെണ്‍കുട്ടികള്‍ക്ക് രാവും പകലും പീഡനമാണെന്നും ഹര്‍ജിയില്‍ കൃഷ്ണകുമാര്‍ പറയുന്നു. രക്ഷിതാക്കളില്‍നിന്ന് പതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ ഫീസ് വാങ്ങുന്നുണ്ട്. പലിശ, ഭൂമി ഇടപാടുകള്‍ക്കായാണ് വരുമാനം വിനിയോഗിക്കുന്നതെന്നും കൃഷ്ണകുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

അതേസമയം തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തെക്കുറിച്ച് പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ വളരെ ഗൗരവതരമാണെന്നും ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍.

ഇത്തരം സംഭവങ്ങളെക്കുറിച്ച് കമ്മീഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന അന്വേഷണങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്നും ജോസഫൈന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. യോഗ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കണം.

തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഒരു പഴുതും ഉണ്ടാകരുത്. നിലവില്‍ നടന്നുവരുന്ന പോലീസ് അന്വേഷണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്റെ അന്വേഷണ വിഭാഗം മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യോഗ കേന്ദ്രത്തില്‍ താമസിപ്പിക്കപ്പട്ടവരില്‍ നിന്ന് നേരിട്ട് അനുഭവങ്ങള്‍ കേള്‍ക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ക്ക് മുന്‍കൈ എടുക്കുമെന്നും ജോസഫൈന്‍ പറഞ്ഞു.

അതിനിടെ മിശ്രവിവാഹത്തില്‍ നിന്നും പിന്‍മാറുന്നതിനായി തന്നെ തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ യോഗാ കേന്ദ്രത്തില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. പരാതിക്കാരിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം ഇവിടെത്തിയ പൊലീസ് യോഗകേന്ദ്രത്തിലെ രേഖകള്‍ പരിശോധിച്ചു.

ഇതിനിടെ തൃപ്പൂണിത്തുറയിലെ യോഗ സെന്ററിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി യോഗ സെന്ററിനെതിരെ കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ ഹര്‍ജിയിലാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.