ചോദ്യം ചെയ്യലുമായി ഹണിപ്രീത് സഹകരിക്കുന്നില്ലെന്ന് പോലീസ്; നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ നീക്കം

single-img
6 October 2017

ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ഈ സാഹചര്യത്തില്‍ ഹണിപ്രീതിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് കോടതിയുടെ അനുമതി തേടും.

പീഡനക്കേസില്‍ ഗുര്‍മീതിനെ അറസ്റ്റ് ചെയ്തതിനോട് അനുബന്ധിച്ച് ഉണ്ടായ കലാപത്തില്‍ 40 ഓളം ആളുകള്‍ മരിക്കുകയും 250 ഓളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപം ഉണ്ടാക്കിയതില്‍ ഹണിപ്രീതിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

കലാപം സംബന്ധിച്ച് 40 ചോദ്യങ്ങളാണ് ഹണിയോട് പോലീസ് ചോദിച്ചത്. എന്നാല്‍ ഇതില്‍ 13 ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയാറായില്ല. 27 ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെയാണ് മറുപടി നല്‍കിയത്. ഒളിവില്‍ പോയ ദേരാ അന്തേവാസിയായ ആദിത്യന്‍ ഇന്‍സാനുമായി താന്‍ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മാത്രമാണ് തൃപ്തികരമായി ഹണി നല്‍കിയ ഏക മറുപടി.

ചോദ്യം ചെയ്യലുമായി ഇവര്‍ സഹകരിക്കാത്ത സാഹചര്യത്തില്‍ ഹണിപ്രീതിനെ കൂടുതല്‍ ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്നു കമ്മീഷണര്‍ പറഞ്ഞു.