‘കുമ്മനടി’യ്ക്ക് കൂട്ടായി ഇനി ‘അമിട്ടടി’ അഥവാ ആരും അറിയാതെ മുങ്ങുന്നവന്‍: കേരളത്തിന് മറ്റൊരുവാക്ക് സംഭാവന ചെയ്ത് ട്രോളന്മാര്‍

single-img
6 October 2017

‘കുമ്മനടി’ എന്ന വാക്കിനു ശേഷം സോഷ്യല്‍ മീഡിയ ട്രോളര്‍മാരുടെ പുതിയ കണ്ടുപിടുത്തമാണ് ‘അമിട്ടടി’. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോ ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തതോടെയാണ് ‘കുമ്മനടി’ എന്ന പ്രയോഗമുണ്ടായത്. ക്ഷണമില്ലാതെ നുഴഞ്ഞ് കയറുക എന്ന അര്‍ത്ഥത്തിലാണ് ട്രോളന്‍മാര്‍ കുമ്മനടി’ എന്ന വാക്ക് കണ്ടെത്തിയത്. ഇപ്പോഴിതാ പുതിയൊരു വാക്ക് കൂടി ട്രോളന്‍മാര്‍ സംഭാവന ചെയ്തിരിക്കുകയാണ്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് പുതിയ വാക്കിന്റെ ഉത്ഭവം. ആരും അറിയാതെ മുങ്ങുന്നവന്‍’ എന്ന അര്‍ത്ഥത്തിലാണ് ഇപ്പോള്‍ ‘അമിട്ടടി’ ഉപയോഗിക്കുന്നത്. ക്ലാസ് കട്ട് ചെയ്ത് മുങ്ങുന്നതിനെ ക്ലാസില്‍നിന്ന് അമിട്ടടിച്ചു എന്നും മുങ്ങല്‍ വിദഗ്ധരെ അമിട്ടടി വിദഗ്ധര്‍ എന്നും വിശേഷിപ്പിച്ചാണ് ചില ട്രോളുകള്‍ പുറത്തിറങ്ങുന്നത്.

ജനരക്ഷായാത്രയില്‍നിന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പിന്‍മാറിയതിന് പിന്നാലെയാണ് ഇത്തരം ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ ആശങ്കയിലാക്കി പിണറായിയിലൂടെ നടത്തേണ്ടിയിരുന്ന പദയാത്രയില്‍നിന്നാണ് അമിത് ഷാ പിന്‍മാറിയത്.

തുടര്‍ന്നാണ് നിരവധി ട്രോളുകളിലൂടെ ‘അമിട്ടടി’ ട്രെന്‍ഡായി മാറിയത്. നിര്‍ണ്ണായക ഘട്ടത്തില്‍ കുമ്മനം രാജശേഖരനെ തനിച്ചാക്കി അമിത് ഷാ മുങ്ങിയെന്നാണ് ട്രോളന്‍മാരുടെ ആക്ഷേപം. രാവിലെ മമ്പ്രത്ത് നിന്ന് തുടങ്ങുന്ന ജാഥയില്‍ അമിത് ഷാ പങ്കെടുക്കേണ്ടതായിരുന്നു.

രാവിലെ എട്ടിന് കോഴിക്കോട് എത്തുന്ന വിമാനത്തില്‍ ഷാ വരുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അതില്‍ വന്നില്ല. പിന്നീട് ഉച്ചക്ക് 2ന് എത്തേണ്ട ചാര്‍ട്ടേഡ് വിമാനത്തിലും അമിത് ഷാ ഇല്ലെന്ന് ഉറപ്പായതോടെ ജാഥാംഗങ്ങളായ നേതാക്കള്‍ എന്തുചെയ്യണമെന്നറിയാത്ത നിലയിലായി. പിന്നീട് അമിത് ഷാ എത്തുകയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ അറിയിക്കുകയായിരുന്നു.


പ്രധാനമന്ത്രിയായി അടിയന്തരമായി ചര്‍ച്ച നടത്തേണ്ടതിനാലാണ് വരാത്തതെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. അതേസമയം യാത്ര നിരാശാജനകമായതിനാല്‍ പിണറായിയിലെ പദയാത്രയിലടക്കം പങ്കെടുക്കേണ്ടതില്ലെന്ന് ഷാ തീരുമാനിക്കുകയായിരുന്നുവെന്നാണ് ആരോപണം. സുരക്ഷ അടക്കമുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ഘട്ടത്തിലാണ് യാത്ര റദ്ദാക്കിയത്. പയ്യന്നൂരില്‍ ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത ശേഷം ഡല്‍ഹിയിലേക്ക് പോയതാണ് ഷാ.