ജനരക്ഷാ യാത്രയില്‍ നിന്ന് അമിത് ഷാ മടങ്ങിയത് ജനപങ്കാളിത്തമില്ലാത്തതിനാല്‍?: അമിത്ഷായുടെ പിന്‍മാറ്റം ബിജെപിക്ക് തിരിച്ചടിയാവുന്നു: പിണറായിയില്‍ യാത്രയ്ക്ക് തണുപ്പന്‍ പ്രതികരണം

single-img
5 October 2017

കണ്ണൂര്‍: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയില്‍ നിന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് ജനപങ്കാളിത്തമില്ലാത്തതില്‍ പ്രതിഷേധിച്ചെന്ന് റിപ്പോര്‍ട്ട്. കണ്ണൂരില്‍ സി.പി.എമ്മിന്റെ സ്വാധീന മേഖലകളില്‍ പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിക്കുന്ന ജനപങ്കാളിത്തം വേണമെന്നായിരുന്നു ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.

മുഖ്യമന്ത്രിയുടെ നാട് ഉള്‍പ്പെടെ സി.പി.എം ശക്തികേന്ദ്രങ്ങള്‍ യാത്രയില്‍ ഉള്‍പ്പെടുത്തിയതും ഇക്കാര്യം മുന്നില്‍ കണ്ടാണ്. എന്നാല്‍ ദേശീയ നേതൃത്വം പ്രതീക്ഷിച്ച ജനപങ്കാളിത്തം ഉണ്ടായില്ലെന്ന് മാത്രമല്ല പങ്കെടുത്തവര്‍ തന്നെ വാടകയ്ക്ക് എടുത്തവരാണെന്ന് ആക്ഷേപവും ഉയര്‍ന്നു വന്നു. അമിത് ഷാ പങ്കെടുത്ത ആദ്യ ദിനത്തില്‍ കാല്‍ലക്ഷത്തിലേറെ പേരെയാണ് ദേശീയ നേതൃത്വം പ്രതീക്ഷിച്ചത്. എന്നാല്‍ ദേശീയ അധ്യക്ഷന്റെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും പ്രതീക്ഷിച്ചതിന്റെ പകുതി പേര്‍ പോലും പങ്കെടുത്തില്ല.

ആദ്യദിന പദയാത്രയ്ക്ക് പിന്നാലെ ബംഗളുരുവില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത ശേഷം അമിത് ഷാ വീണ്ടും ജനരക്ഷാ യാത്രയില്‍ പങ്കെടുക്കുമെന്നായിരുന്നു ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ പയ്യന്നൂരിലെ പദയാത്രയ്ക്ക് പിന്നാലെ സന്ദര്‍ശനം വെട്ടിച്ചുരുക്കി അമിത് ഷാ ഡല്‍ഹിയിലേക്ക് തിരിച്ചു. പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് അമിത് ഷാ കേരള സന്ദര്‍ശനം വെട്ടിച്ചുരുക്കിയത്. ചുവപ്പ് ജിഹാദി ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ജനരക്ഷാ യാത്ര പ്രധാനമായും സി.പി.എമ്മിനെ ലക്ഷ്യമിട്ടാണ്.

മുഖ്യമന്ത്രിയുടെ നാട് തന്നെ യാത്രയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തീരുമാനിച്ചതും ഇതിനാലാണ്. എന്നാല്‍ ഇവിടങ്ങളില്‍ യാത്രയ്ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ പലയിടത്തും കടകള്‍ അടച്ചിട്ടിരിക്കുകയാണ്. ജനങ്ങള്‍ അധികം തെരുവില്‍ ഇറങ്ങിയിട്ടുമില്ല. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമുള്ള യാത്രയായി ജനരക്ഷാ യാത്ര മാറി.

നേരത്തെ രണ്ട് തവണ മാറ്റിവച്ച യാത്ര അമിത് ഷായുടെ കൂടി സൗകര്യം നോക്കിയാണ് വീണ്ടും നിശ്ചയിച്ചത്. ഇതിനിടെ ബി.ജെ.പിയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും യാത്ര നീളാനിടയാക്കി. ഒടുക്കം കഴിഞ്ഞ സെപ്റ്റംബറില്‍ ജനരക്ഷാ യാത്ര തുടങ്ങാന്‍ തീരുമാനിച്ചപ്പോഴും അമിത് ഷായുടെ അസൗകര്യം കാരണം ഇത് ഒക്ടോബറിലേക്ക് വീണ്ടും മാറ്റുകയായിരുന്നു. എന്നിട്ടും ദേശീയ അധ്യക്ഷന്‍ പാതിവഴിയില്‍ മടങ്ങിയത് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയായിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അമിത് ഷാ ഡല്‍ഹിയില്‍ തങ്ങുന്നതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണമെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുളളില്‍ ആശയക്കുഴപ്പം തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സിപിഎമ്മിനെതിരെ ശക്തമായ പ്രചാരണമെന്ന നിലയിലും കോഴ വിവാദത്തില്‍പ്പെട്ട പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കുന്നതിനുമാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളെ അണി നിരത്തി ജനരക്ഷായാത്ര നടത്താന്‍ ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചത്.

ആദ്യദിനം അമിത് ഷാ എത്തിയതിന്റെ ആവേശത്തിലായിരുന്നു സംസ്ഥാന നേതാക്കളും അണികളും. മുഖ്യമന്ത്രി പിണറായി വിജയന്റെ ജന്മനാടായ പിണറായിയിലെത്തുന്ന ജനരക്ഷായാത്രയില്‍ അമിത് ഷാ പങ്കെടുക്കുന്നതിനും വലിയ പ്രചാരണമാണ് ബിജെപി നടത്തിയിരുന്നത്. എന്നാല്‍ ദേശീയ അധ്യക്ഷന്‍ യാത്ര റദ്ദാക്കിയതോടെ പണിക്കിട്ടിയത് സംസ്ഥാന നേതൃത്വത്തിനാണ്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയും സിപിഎമ്മിനെതിരേയും കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ച് നടത്തുന്ന ജാഥ തുടക്കം മുതലേ പൊളിഞ്ഞിരുന്നു. മെഡിക്കല്‍കോഴയടക്കമുള്ളവയില്‍പെട്ട സംസ്ഥാന നേതാക്കള്‍ക്കു പകരം പുറത്തുനിന്ന് മറ്റ് നേതാക്കളെ കൊണ്ടു വന്ന് ജാഥ വിജയിപ്പിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ജാഥയുടെ ആദ്യദിനത്തില്‍ പങ്കെടുത്ത അമിത് ഷാ മുങ്ങിയതോടെ ആ പ്രതീക്ഷക്കും മങ്ങലേറ്റിരിക്കുകയാണ്.

ഇന്നലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നിട്ടും ഒരുചലനവും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ജാഥക്കിടെ യോഗി ആദിത്യനാഥ് കേരളത്തിനെതിരെ നടത്തിയ പ്രസ്താവന തിരിച്ചടിയാവുകയും ചെയ്തു. മുന്നോട്ട് വെച്ച മുദ്രാവാക്യങ്ങള്‍ക്ക് പകരം ഇതിനെല്ലാം മറുപടി നല്‍കേണ്ട അവസ്ഥയിലാണ് സംസ്ഥാന ഘടകമിപ്പോള്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നടത്തുന്ന യാത്ര വിപരീതഫലം ചെയ്യുമോയെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.