ഉണ്ണാനും ഉടുക്കാനുമില്ല; ദിവസങ്ങളോളം മുഴുപ്പട്ടിണിയിലായപ്പോള്‍ പാലക്കാട് വീട്ടമ്മ മൂന്ന് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് മക്കളെ യത്തീം ഖാനയ്ക്ക് കൈമാറി

single-img
4 October 2017

അച്ഛനും അമ്മയും ജീവിച്ചിരിക്കെ തന്നെ മക്കളെ യത്തീം ഖാനയ്ക്ക് നല്‍കുക. സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ഈ സംഭവം നടന്നിരിക്കുന്നത് പാലക്കാട് കണ്ണാടിയിലാണ്. പത്ത്, ഏഴ്, അഞ്ച് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളേയുമാണ് വീട്ടമ്മ ഇടത്തനാട്ടുകരയിലെ യത്തീം ഖാനയ്ക്ക് കൈമാറിയത്.

കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഉണ്ടെങ്കിലും കുടുംബത്തെയും കുട്ടികളെയും ഇയാള്‍ നോക്കില്ല. ഇതോടെയാണ് അഞ്ചു മക്കള്‍ അടങ്ങുന്ന കുടുംബം പട്ടിണിയിലായത്. ഇതാണ് മക്കളെ യത്തീംഖാനയ്ക്ക് കൈമാറാന്‍ യുവതി തീരുമാനം എടുത്തത്.

പുറമ്പോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ താമസിക്കുന്നതാണെന്ന് വീട്ടമ്മ പറഞ്ഞു. പ്രണയിച്ചു വിവാഹം ചെയ്ത ഇരുവരും കുടുംബക്കാരുമായി നല്ല ബന്ധത്തിലുമല്ല. ഈ സാഹചര്യത്തിലാണ് അമ്മ അഞ്ച് മക്കളേയും അഗതി മന്ദിരത്തില്‍ ചേര്‍ത്തത്.

സാമ്പത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24നാണ് അഞ്ച് കുട്ടികളേയും മണ്ണാര്‍ക്കാട് എത്താനാട്ട് കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുത്തത്.

കുട്ടികളുടെ ഭാവിക്ക് അതു തന്നെയാണ് നന്നാവുകയെന്നാണ് സമീപവാസികളും പറഞ്ഞു. അതേസമയം ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യനീതി വകുപ്പിനും നിര്‍ദ്ദേശം നല്‍കി.