ദിലീപ് ഇന്നുതന്നെ ജയിലില്‍നിന്നു പുറത്തിറങ്ങും: ദിലീപ് ഫാന്‍സ് ആഘോഷത്തില്‍: കൊച്ചിയില്‍ ലഡു വിതരണം

single-img
3 October 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷം നടന്‍ ദിലീപിനു ജാമ്യം ലഭിച്ചത് ആഘോഷമാക്കാനൊരുങ്ങി ആരാധകര്‍. ആവേശത്തോടെയും സന്തോഷത്തോടെയുമാണ് ദിലീപിന് ജാമ്യം ലഭിച്ചുവെന്ന വാര്‍ത്ത ഫാന്‍സ് സ്വീകരിച്ചത്.

ജാമ്യം ലഭിച്ചെന്ന വിവരം അറിഞ്ഞതിനു പിന്നാലെ കൊച്ചിയില്‍ ആരാധകര്‍ ലഡു വിതരണം നടത്തി. ജയിലിനു പുറത്തെത്തുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ജാമ്യം ലഭിച്ചതോടെ ദിലീപ് ഇന്നുതന്നെ ജയിലില്‍നിന്നു പുറത്തിറങ്ങും. ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിയശേഷം അവിടെനിന്നുള്ള അറിയിപ്പ് ആലുവ സബ് ജയിലില്‍ എത്തിക്കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ ദിലീപിന് പുറത്തിറങ്ങാം. ജാമ്യവാര്‍ത്ത വന്നതിനു പിന്നാലെ ജയില്‍ സൂപ്രണ്ട് ദിലീപിനെ ഈ വിവരം അറിയിച്ചു.

ദിലീപിന്റെ പുതിയ ചിത്രമായ രാമലീല പ്രദര്‍ശനത്തിന് തിയേറ്ററില്‍ ഉള്ള സമയത്താണ് ജാമ്യം എന്നത് സന്തോഷം നല്‍കുന്നതാണെന്ന് ഫാന്‍സ് പ്രതികരിച്ചു. ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ നിരവധി പേരാണ് കോടതി പരിസരത്ത് എത്തിയത്.

അഞ്ച് മണിക്കുള്ളില്‍ ദിലീപ് പുറത്തിറങ്ങുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ആലുവ സബ്ബ് ജയില്‍ പരിസരത്ത് തടിച്ചുകൂടിയിരിക്കുന്നത്. ജാമ്യം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ഫാന്‍സ് പ്രതികരിച്ചു.

ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലുമാണ് ജാമ്യം നല്‍കിയത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥകള്‍ ഇങ്ങനെ:

1. പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിക്കണം 2. ഒരു ലക്ഷം രൂപ കോടതിയില്‍ കെട്ടിവയ്ക്കണം 3. രണ്ട് ആള്‍ ജാമ്യവും നല്‍കണം 4. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് 5. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം