സംസ്ഥാനത്ത് പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്: ആറുമാസമായി വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത മരുന്ന്

single-img
28 September 2017

തിരുവനന്തപുരം: സംസ്ഥാനത്ത് വിതരണം ചെയ്ത പാരസെറ്റാമോള്‍ മരുന്നുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റിയുടെ കണ്ടെത്തല്‍. കഴിഞ്ഞ ആറുമാസമായി പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് വിതരണം ചെയ്ത പാരസെറ്റാമോള്‍ മരുന്നുകള്‍ നിര്‍മ്മിച്ചത് ഗുണനിലവാരം പാലിക്കാതെയാണെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി നടത്തിയ പരിശോധനയില്‍ തെളിഞ്ഞത്.

ഇതേത്തുടര്‍ന്ന് അടിയന്തരമായി പാരസെറ്റാമോള്‍ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും മരുന്നുകള്‍ തിരിച്ചുപിടിക്കാനും ഡ്രഗ്‌സ് കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം എന്തിനും ഏതിനും പാരസെറ്റാമോള്‍ കഴിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ ഇങ്ങനെയുളള പാരസെറ്റാമോള്‍ ഉപയോഗം വലിയ ആപത്തിലേയ്ക്കാണ് കൊണ്ടെത്തിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇവ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇവ കരള്‍, ആമാശയ വീക്കം, അലര്‍ജി, ഉറക്കം തൂങ്ങല്‍, കരള്‍ രോഗം എന്നിവയെ ബാധിക്കും.

പാരസെറ്റാമോളിന്റെ കവറിനു പുറത്തു തന്നെ അവ കരളിനു ദോഷകരമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു ഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അത് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പാരസെറ്റാമോള്‍ ഉപയോഗത്തിന്റെ അളവു കൂടിയാല്‍ അത് ദഹനക്കുറവിനും, വയറു വീര്‍ക്കുന്നതിനും കാരണമാകും.