180 യാത്രക്കാരുമായി ഡല്‍ഹിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം റോക്കറ്റാക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

single-img
28 September 2017

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിലായിരുന്നു സംഭവം. യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് വിമാനമിറങ്ങി മണിക്കൂറുകള്‍ക്കുള്ളിലാണ് വിമാനത്താവളത്തിനു നേരെ റോക്കറ്റാക്രമണമുണ്ടായത്.

കാബൂളില്‍നിന്നു ഡല്‍ഹിയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനം പുറപ്പെടാന്‍ തയാറെടുക്കുമ്പോഴായിരുന്നു ആക്രമണം. ഈ സമയം വിമാനത്തില്‍ 180 യാത്രക്കാരുണ്ടായിരുന്നു. ഇവരെ സുരക്ഷിതരായി വിമാനത്താവളത്തിലേക്കു മാറ്റി.

വിമാനത്തിനു കേടുപാടുകളൊന്നും സംഭവിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആറു ചെറിയ റോക്കറ്റുകളാണു ഹമീദ് കര്‍സായി രാജ്യാന്തര വിമാനത്താവളത്തിനുള്ളിലും ചുറ്റിലുമായി പതിച്ചത്. വിമാനത്താവളത്തില്‍ സൈന്യത്തിനായി വേര്‍തിരിച്ച ഭാഗത്തായിരുന്നു റോക്കറ്റുകള്‍ വീണത്.

ഒരു വീടു തകര്‍ന്നു. ആളപായമില്ല. അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഇതേ തുടര്‍ന്ന് കാബൂളില്‍നിന്നുള്ള എല്ലാ വിമാനങ്ങളും വൈകി.

ഭീകരസംഘടനകളായ ഇസ്‌ലാമിക് സ്റ്റേറ്റും താലിബാനും ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റു. മാറ്റിസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു താലിബാന്‍ അവകാശപ്പെട്ടത്. ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷമാണു മാറ്റിസ് കാബൂളിലേക്കു പോയത്.