വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണക്കാന്‍ കാന്തപുരം എ.പി. വിഭാഗത്തിന്റെ തീരുമാനം

single-img
27 September 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി. വിഭാഗത്തിന്റെ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സംഘടനാ തീരുമാനം അണികളെ ഉടന്‍ അറിയിക്കുമെന്നാണ് നേതാക്കളില്‍നിന്ന് ലഭിക്കുന്ന വിവരം.

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിനെ സഹായിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് കാന്തപുരം പക്ഷക്കാരുടെ പൊതുവികാരം. ഇ കെ സുന്നികളുമായുള്ള ലീഗിന്റെ സഹകരണമാണ് എ പി വിഭാഗത്തെ മാറി നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഷാര്‍ജ ഭരണാധികാരിയെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് കാന്തപുരത്തിന് ക്ഷണം കിട്ടിയതും ഇടത് അനുകൂല നിലപാടിനുള്ള അംഗീകാരത്തിന്റെ സൂചനയാണ്. വേങ്ങര മണ്ഡലത്തില്‍ പതിനായിരത്തോളം വോട്ടുകളുണ്ടെന്നാണ് എ പി സുന്നികളുടെ അവകാശ വാദം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി ഫാക്ടറാണ് വേങ്ങരയില്‍ ലീഗിന്റെ ഭൂരിപക്ഷം കൂട്ടിയതെന്നാണ് എ പി സുന്നികളുടെ നിരീക്ഷണം. ഇതിനിടെ സ്വതന്ത്ര സ്ഥാനാര്‍ഥികളായിരുന്ന അബ്ദുള്‍ മജീദ്, ഇബ്രാഹിം എം.വി. എന്നിവര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ ഇനി മത്സരരംഗത്ത് ആറു പേരാണുള്ളത്.