സോളാറില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു: പുനരന്വേഷിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്ന് സംശയിക്കുന്ന കേസുകള്‍

single-img
27 September 2017

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസുകള്‍ പുനരന്വേഷിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് പങ്കുണ്ടെന്ന് സംശയിക്കുന്ന കേസുകളിലാണ് അന്വേഷണം. കേസിലെ പരാതിക്കാരന്‍ മല്ലേലില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ പരാതിയിലും അമേരിക്കന്‍ മലയാളിയില്‍ നിന്ന് 1.19 കോടിയ തട്ടിയ കേസിലുമാണ് തുടരന്വേഷണം നടത്താന്‍ നീക്കം.

സോളാര്‍ പ്ലാന്റ് വാഗ്ദാനം ചെയ്ത് സരിത മൂന്ന് ചെക്കുകളിലൂടെ 40 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ശ്രീധരന്‍ നായരുടെ പരാതി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ച് സരിതയ്ക്ക് പണം കൈമാറിയെന്നും ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പിന്മേലാണിതെന്നും ശ്രീധരന്‍ നായര്‍ പരാതിയില്‍ പറഞ്ഞിരുന്നു.

അമേരിക്കന്‍ വ്യവസായിയും ഇടയാറന്‍മുള സ്വദേശിയുമായ ബാബുരാജില്‍ നിന്ന് 1.19കോടി രൂപ തട്ടിയെടുത്ത കേസില്‍ സരിതാ നായര്‍ക്കും ബിജു രാധാകൃഷ്ണനും പത്തനംതിട്ട ഒന്നാം ക്‌ളാസ് മജിസ്‌ട്രേട്ട് ആര്‍. ജയകൃഷ്ണന്‍ ആറ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചിരുന്നു. ഒന്നാം പ്രതിയായ ബിജു 75ലക്ഷം രൂപയും രണ്ടാം പ്രതി സരിത 45 ലക്ഷം രൂപയും പിഴയായി പരാതിക്കാരന് നല്‍കാനും കോടതി വിധിച്ചിരുന്നു.

തട്ടിപ്പുകാരായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിയെന്ന് സോളാര്‍ തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റീസ് ജി.ശിവരാജനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്നായിരുന്നു കമ്മീഷന്റെ പ്രധാന വിമര്‍ശനം.

റിപ്പോര്‍ട്ടിലെ പരാമര്‍ശം പിടിവള്ളിയാക്കിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. തുടരന്വേഷണം വന്നാല്‍ അത് യു.ഡി.എഫ് നേതൃത്വത്തെ പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടിയേയും അന്നത്തെ മന്ത്രിസഭയിലെ പ്രമുഖരെയും പ്രതിസന്ധിയിലാക്കുമെന്ന് വ്യക്തമാണ്.