പ്രണയബന്ധം തുടരാന്‍ പെണ്‍കുട്ടി വിസമ്മതിച്ചു; വൈരാഗ്യം തീര്‍ക്കാന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു: മൂന്ന് പേര്‍ പിടിയില്‍

single-img
27 September 2017

പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് അതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു കോളേജ് വിദ്യാര്‍ത്ഥിനിയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമായി പ്രചരിച്ചത് അടുത്തകാലത്താണ്.

കഴിഞ്ഞമാസം ആഗസ്റ്റിലായിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ പീഡന വിവരങ്ങള്‍ പെണ്‍കുട്ടി പൊലീസിനെ അറിയിച്ചിരുന്നില്ല. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശിലെ പ്രകാശം സ്വദേശികളായ സായി, കാര്‍ത്തിക്, പവന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി സായിയുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ തന്നില്‍ സായിക്ക് കേവലം ലൈംഗിക താല്‍പ്പര്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി പിന്നീട് ബന്ധം വേണ്ടെന്ന് വെച്ചിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് സായിയും രണ്ട് കൂട്ടുകാരും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

അമ്പലത്തില്‍ പോവുകയായിരുന്ന പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയാണ് പീഡിപ്പിച്ചത്. യുവാക്കള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കുന്നതും പെണ്‍കുട്ടി അരുതെന്ന് പറഞ്ഞ് കരയുന്നതും യാചിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. എന്നാല്‍ അത് അവഗണിച്ച് യുവാക്കള്‍ കൂട്ട ബലാത്സംഗം തുടര്‍ന്നു. കൂട്ടു വന്ന മറ്റൊരു പെണ്‍കുട്ടിയും സംഭവം തടയാന്‍ ശ്രമിക്കുന്നുണ്ട്. കേസില്‍ ഇവരാണ് പ്രധാന സാക്ഷി.

യുവാക്കളോട് ഉപദ്രവിക്കരുതെന്ന് പറഞ്ഞ് പെണ്‍കുട്ടി കരഞ്ഞ് കാലുപിടിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന യുവാക്കളുടെ മുഖവും ഇതില്‍ ഉണ്ടെന്നും പറഞ്ഞു. പെണ്‍കുട്ടിയെയാണ് പൊലീസ് ആദ്യം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പൊലീസ് ഇവരോട് യുവാക്കള്‍ക്കെതിരെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയും പെണ്‍കുട്ടിയുടെ കാമുകനുമായ സായി ബിഎസ്‌സി അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ത്ഥിയാണ്.

ബിടെക് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. കേസിലെ മൂന്നാം പ്രതിയ പവാന്‍ പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനാണ്. നിര്‍ഭയ ആക്റ്റ് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ബോധവല്‍ക്കരണം നടത്തിയായിരുന്നു പരാതി എഴുതിവാങ്ങിയത്.