“പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷന്‍; പോലീസ് പിടിച്ചാല്‍ 3 കോടി നല്‍കാമെന്ന് പറഞ്ഞു: ക്വട്ടേഷനിലൂടെ ദിലീപിന് കിട്ടുമായിരുന്നത് 65 കോടി”

single-img
27 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതിയില്‍ ആരംഭിച്ചു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടി രൂപയുടെ ക്വട്ടേഷനാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

പൊലീസ് പിടിച്ചാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ക്വട്ടേഷനിലൂടെ ദിലീപിന് 65 കോടി രൂപയുടെ നേട്ടം ഉണ്ടാകുമായിരുന്നെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ ലാലിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്റെ ഈ വാദങ്ങള്‍.

ദിലീപിന്റെ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്താണ് പ്രോസിക്യൂഷന്റെ വാദം പുരോഗമിക്കുന്നത്. ജാമ്യാപേക്ഷ തള്ളണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പുതിയ തെളിവുകള്‍ നിരത്തിയാണ് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്.

കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടന്നു. ഇതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. കേസിലെ ഒരു നിര്‍ണായക സാക്ഷിയെയാണ് സ്വാധീനിക്കാന്‍ ശ്രമം നടന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ എന്നും അന്വേഷണസംഘം കണ്ടെത്തി.

ദിലീപിന്റെ അഭിഭാഷകന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാന്‍ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാന്‍ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.

അതേസമയം ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിച്ച് വിചാരണയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന് കോടതി ജാമ്യാപേക്ഷയില്‍ പരിശോധിക്കുന്നുണ്ട്. ആ സ്ഥിതിക്ക് പോലീസിന് ലഭിച്ച പുതിയ വിവരങ്ങള്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെ കോടതിയില്‍ നിര്‍ണായകമാകും

മുന്‍ ജാമ്യഹര്‍ജികളെ എതിര്‍ത്തപ്പോള്‍ ഉന്നയിച്ച വാദങ്ങളും പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്നുണ്ട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപിന്റെ അഭിഭാഷകന്‍ ഉയര്‍ത്തിയത്.

കേസ് അന്വേഷണത്തിന്റെ ഒരു വിവരങ്ങളും പൊലീസ് തന്റെ കക്ഷിയെ അറിയിക്കുന്നില്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ ബി രാമന്‍ പിള്ള പറഞ്ഞു. റിമാന്റ് റിപ്പോര്‍ട്ടില്‍ പോലും പൊലീസ് ഒരു വിവരവും രേഖപ്പെടുത്തുന്നില്ല. തന്റെ പേരിലുള്ള കുറ്റങ്ങള്‍ അറിയാനുള്ള അവകാശം പോലും ദിലീപിന് നിഷേധിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.