ദിലീപിനെതിരെ ശക്തമായ പുതിയ തെളിവുകളുമായി പ്രോസിക്യൂഷന്‍ എത്തും: താരത്തിന്റെ ഭാവി ഇന്നറിയാം

single-img
27 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കും. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഭാഗത്തിന്റെ വാദത്തിന് ശേഷമാണ് ഇന്ന് പ്രോസിക്യൂഷന്റെ വാദം നടക്കുന്നത്. കേസിന്റെ സാഹചര്യങ്ങളില്‍ വലിയ മാറ്റം ഉണ്ടായെന്ന് ഇന്നലെ വാദം നടത്തിയ ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഈ വാദങ്ങളെ ഖണ്ഡിക്കുന്ന പ്രതിവാദങ്ങളാകും ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നടത്തുക. മാത്രമല്ല, കേസിന്റെ അന്വേഷണ പുരോഗതിയും പ്രോസിക്യൂഷന്‍ അറിയിക്കും. ദിലീപിനെതിരെ ശക്തമായ തെളിവുണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അന്വേഷണസംഘം.

അടുത്തയാഴ്ച അനുബന്ധകുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ, വിചാരണത്തടവുകാരനായി ദിലീപ് മാറേണ്ടി വരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയിലെ മൂന്നാമത്തെ ഹര്‍ജിയും ദിലീപിന് നിര്‍ണായകമാണ്.

കേസില്‍ പ്രതിയാകും എന്ന് പ്രചരിപ്പിക്കപ്പെട്ട കാവ്യ മാധവന്‍ അന്വേഷണ സംഘം തന്നെ ക്ലീന്‍ ചിറ്റ് നല്‍കി. കേസിലെ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. കേസിലെ മറ്റ് രണ്ട് പ്രതികളായ വിഷ്ണുവിനും സിവില്‍ പൊലീസ് ഓഫീസര്‍ അനീഷിനും ജാമ്യം ലഭിച്ചു. പള്‍സര്‍ സുനി ഉണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെ പൊലീസ് പോകുകയാണ്. യുക്തിഭദ്രമായ ഒരന്വേഷണവും കേസില്‍ ഇതുവരെ നടന്നിട്ടില്ലെന്നുമായിരുന്നു ദിലീപിന്റെ വാദം.

ഒന്നര മണിക്കൂര്‍ വാദത്തിന് സമയം അനുവദിക്കണമെന്ന് ഇന്നലെ രാവിലെ കോടതിയില്‍ ദിലീപിനു വേണ്ടി ഹാജരായ ബി.രാമന്‍പിള്ള ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചു. പിന്നീട് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറി. പള്‍സര്‍ സുനിയുടെ വാക്കുകള്‍ പ്രകാരമാണ് പ്രോസിക്യുഷന്‍ വാദിക്കുന്നതെന്നും ബി.രാമന്‍പിള്ള ആരോപിച്ചു.

ദിലീപിനെ വിചാരണ തടവുകാരനാക്കാനുള്ള നീക്കമാണ് നടക്കുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. അതില്‍ ദിലീപിന് പങ്കില്ല. അന്വേഷണം നടത്തി മൊബൈല്‍ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്.

മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ദുര്‍ബലമായ ഇത്തരം വാദങ്ങള്‍ ഉന്നയിച്ച് മനഃപൂര്‍വ്വം ദിലീപിന്റെ ജാമ്യത്തെ നിഷേധിക്കാനാണ് പ്രോസിക്യുഷന്റെ ശ്രമം.

മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍പ് രണ്ടു തവണ ദിലീപിന്റെ ജാമ്യം പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നത്. ഈ വാദത്തെയാണ് അഡ്വ.രാമന്‍പിള്ള പൊളിച്ചടുക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ 57 ദിവസം കൊണ്ട് പള്‍സര്‍ സുനിക്കെതിരെ അന്വേഷണം അവസാനിപ്പിച്ചു.

വേണമെങ്കില്‍ 90 ദിവസം കൊണ്ട് അന്വേഷിച്ച് കുറ്റപത്രം നല്‍കാവുന്ന കേസായിരുന്നു ഇത്. ചില കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് അതിവേഗം അന്വേഷണം അവസാനിപ്പിച്ചതെന്ന ഒളിയമ്പും രാമന്‍പിള്ള നടത്തി.

കേസിന്റെ അന്വേഷണ വിവരങ്ങള്‍ പോലീസ് അറിയിക്കുന്നില്ല. ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങള്‍ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു.

അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അതിനാല്‍ ദിലീപിന് സോപാധിക ജാമ്യം വേണമെന്നും ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസിലെ മറ്റു രണ്ട് പ്രതികള്‍ക്ക് മനരത്തെ ജാമ്യം ലഭിച്ച കാര്യവും ദിലീപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.