പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത് ഷായെ കാണും

single-img
27 September 2017

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിലെ ബിജെപി ബിഡിജെഎസ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണ് കൂടിക്കാഴ്ച. ഇന്നലെ അമിത് ഷാ ഫോണില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ വിളിച്ച് അഹമ്മദാബാദിലെ വസതിയിലേക്കു ചര്‍ച്ചയ്ക്കു ക്ഷണിക്കുകയായിരുന്നു.

കേന്ദ്ര പദവികള്‍ സംബന്ധിച്ചു ബിഡിജെഎസിനു നല്‍കിയിരുന്ന വാഗ്ദാനങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നു ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം ലാലിനെ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അമിത് ഷാ ഫോണില്‍ തുഷാറുമായി സംസാരിച്ചത്.

ഒക്ടോബര്‍ മൂന്നിന് അമിത് ഷാ പയ്യന്നൂരില്‍ ഉദ്ഘാടനം ചെയ്യുന്ന ജനരക്ഷാ പദയാത്രയുമായി സഹകരിക്കില്ലെന്നു ബിഡിജെഎസ് നേതൃത്വം നിലപാടു കടുപ്പിച്ചതോടെയാണു ബിജെപി സംസ്ഥാന നേതൃത്വം പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്. ബിഡിജെഎസിന്റെ ആവശ്യങ്ങള്‍ ന്യായമാണെന്ന നിലപാട് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.