കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി

single-img
26 September 2017

തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു പദവിയിലേക്കുമില്ലെന്ന നിലപാടില്‍ തുടരുന്ന ഉമ്മന്‍ ചാണ്ടിക്കുമേല്‍ കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദമേറുകയാണ്. എന്നാല്‍ കെപിസിസി അധ്യക്ഷ പദവിയിലേക്കില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടി.

ഇക്കാര്യം കേരളത്തിന്റെ ചുമതലയുള്ള റിട്ടേണിങ് ഓഫീസര്‍ സുദര്‍ശന്‍ നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. എ ഗ്രൂപ്പിനാകും അധ്യക്ഷ പദം എന്നതിനാല്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ സമവായത്തിലെത്തിയിട്ടുണ്ട്.

ഇതോടെ ബെന്നി ബഹനാന്റെ പേര് നിര്‍ദേശിക്കാന്‍ എ ഗ്രൂപ്പിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ എ ഗ്രൂപ്പിലെ തന്നെ പ്രമുഖര്‍ എതിര്‍പ്പറിയിച്ച് രംഗത്തെത്തി. ഐ ഗ്രൂപ്പും ഇതിനെ എതിര്‍ത്തു. ഇതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്കെത്താനായിട്ടില്ല.

ഈ ഘട്ടത്തില്‍ ഇപ്പോള്‍ അന്തിമ തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. അന്തിമ തീരുമാനമെടുക്കും മുമ്പ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും സൂചനയുണ്ട്.