സോളാര്‍ കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

single-img
26 September 2017

സംസ്ഥാന രാഷ്ട്രീയത്തില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ സോളാര്‍ തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. 4 ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് ജസ്റ്റിസ് ശിവരാജന്‍ കൈമാറിയത്.

ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് കൈമാറിയെന്നും ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മുഖ്യമന്ത്രി പങ്കുവെയ്ക്കുമെന്നും ജസ്റ്റിസ് ശിവരാജന്‍ അറിയിച്ചു. പത്ത് മിനിറ്റിലധികം മുഖ്യമന്ത്രിയുമായി ജസ്റ്റിസ് ശിവരാജന്‍ കൂടിക്കാഴ്ച്ച നടത്തി.

റിപ്പോര്‍ട്ടില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉള്ളതായാണ് സൂചന. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ആദ്യം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനും വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

നിലവിലെ നിയമങ്ങള്‍ തട്ടിപ്പുകള്‍ തടയാന്‍ അപര്യാപ്തമാണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നാല് ഭാഗങ്ങളായാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഭാഗത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ കുറിച്ചാണ് പറയുന്നത്.

അതേസമയം സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമുണ്ട്. അതിനുശേഷം തുടര്‍ നടപടികളെക്കുറിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ കമ്മീഷന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെ സമയം നീട്ടികിട്ടണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. 2013 ഒക്ടോബര്‍ 23 നാണ് ജസ്റ്റിസ് ശിവരാജനെ സോളാര്‍കേസില്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചത്.

2006 മുതലുള്ള കേസുകള്‍ അന്വേഷിക്കാനായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. സോളാറുമായി ബന്ധപ്പെട്ട് നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കാനായിരുന്നു കമ്മീഷനോട് യുഡിഎഫ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.

രണ്ടുവര്‍ഷവും ഒരു മാസവും നീണ്ട കാലയളവിനുള്ളില്‍ 216 സാക്ഷികളെ വിസ്തരിച്ചു. 893 രേഖകള്‍ കമ്മീഷന്‍ രേഖപ്പെടുത്തി. ഏപ്രില്‍ ആദ്യംവരെ വാദം നീണ്ടു. ഡിജിറ്റല്‍ വീഡിയോ, ഓഡിയോ രേഖകളുമടക്കം നിരവധി തെളിവുകള്‍ കമ്മീഷനില്‍ ഹാജരാക്കി. 2013 ജൂണ്‍ രണ്ടിന് സരിതയെയും ബിജുവിനെയും അറസ്റ്റ് ചെയ്യുന്നതിന് മുമ്പും ശേഷവും പ്രമുഖരുമായി നടത്തിയ ഫോണ്‍വിളികളുടെ രേഖകള്‍ കമ്മീഷനു ലഭിച്ച പ്രധാന തെളിവില്‍പ്പെടുന്നു.

കെഎസ്ഇബിഇഎ വാര്‍ഷികയോഗത്തില്‍ സരിതയും മുന്‍മന്ത്രി ആര്യാടനും വേദി പങ്കിടുന്നതിന്റെ വീഡിയോപകര്‍പ്പ്, തമ്പാനൂര്‍ രവി, ബെന്നി ബെഹനാന്‍, സലീംരാജ്, വാസുദേവശര്‍മ എന്നിവരുടെ സംഭാഷണങ്ങളുടെ ശബ്ദരേഖ, പൊലീസ് കസ്റ്റഡിയിലിരിക്കെ സരിതയെഴുതിയ കത്ത്, എറണാകുളം എസിജെഎം കോടതിയില്‍ നല്‍കിയ മൊഴി എന്നിവയും പ്രധാന തെളിവുകളായി കമ്മീഷന്‍ ഹാജരാക്കി.

അതിനിടയില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും രണ്ട് മന്ത്രിമാരുമടക്കം ആറുപേര്‍ സരിതയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങളുണ്ടെന്ന ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ അമ്പരപ്പോടെയാണ് സോളര്‍ കമ്മിഷന്‍ കേട്ടത്. തെളിവുകള്‍ കോയമ്പത്തൂരില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ബിജു വെളിപ്പെടുത്തിയതോടെ അത് കണ്ടെത്തണമെന്നായി കമ്മിഷന്‍. ഇതിനായി കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരിലേക്ക് തിരിച്ചു.

കൊച്ചിയില്‍ നിന്ന് രണ്ടരമണിക്കൂര്‍ കൊണ്ട് സംഘം കോയമ്പത്തൂരില്‍ ബിജു പറഞ്ഞ ബന്ധു ചന്ദ്രന്‍ ശെല്‍വി ദമ്പതിമാരുടെ വീട്ടിലെത്തി. കമ്മിഷന്റെ വരവറിഞ്ഞ് മുന്‍കൂട്ടി തടിച്ചു കൂടിയ നാട്ടുകാര്‍ സിഡി രാജ വന്താച്ച് എന്ന് ഉറക്കെവിളിച്ചാണ് ബിജുവിനെ എതിരേറ്റത്.

കമ്മിഷന്റെ വരവറിഞ്ഞ് മുങ്ങിയ ചന്ദ്രനും ശെല്‍വിയും ഒരു ബന്ധുമുഖേന ബിജു ഏല്‍പ്പിച്ച ബാഗ് സംഘത്തിന്റെ പക്കലെത്തിച്ചു. പിന്നെ ആകാംഷയുടെ നിമിഷങ്ങള്‍. ഒടുവില്‍ ബിജുവിന്റെ സാന്നിധ്യത്തില്‍ അഡ്വക്കറ്റ് ഹരികുമാര്‍ സാക്ഷ്യപ്പെടുത്തി ബാഗിലുളളത് 28 സിംകാര്‍ഡുകളും ബിജുവിന്റെ എസ്എസ്എല്‍സി ബുക്കും കുറേ ഫയലുകളും മാത്രം. അങ്ങിനെ ആകാംഷയുടെ മുള്‍മുനയൊടിഞ്ഞു. വരവറിഞ്ഞ് തെളിവുകള്‍ മുക്കിയെന്നായിരുന്നു ഇതിനോടുള്ള ബിജുവിന്റെ പ്രതികരണം.

അതേസമയം മൊഴികളില്‍ സരിതയുടെ മലക്കംമറിച്ചിലുകള്‍ക്കും കമ്മിഷന്‍ സാക്ഷ്യം വഹിച്ചു. കമ്മിഷന്‍ സിറ്റിങ് ഒരു ഘട്ടം കടന്നതോടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കു പുറമേ ലൈംഗികാരോപണങ്ങളും സരിത തന്നെ വെളിപ്പെടുത്തി. ഇതേപ്പറ്റി സരിത രഹസ്യമൊഴി നല്‍കി.

മുദ്രവച്ച കവറില്‍ നിരവധി തെളിവുകളും കൈമാറി. സാമ്പത്തിക കുറ്റകൃത്യമായി പരിഗണിക്കപ്പെട്ടിരുന്ന സോളാര്‍ തട്ടിപ്പില്‍ അതോടെ രാഷ്ട്രീയവിവാദം കത്തിപ്പിടിച്ചു. അതു യു.ഡി.എഫിനെയും പ്രത്യേകിച്ച്, കോണ്‍ഗ്രസിനെയും ഏറെ പ്രതിരോധത്തിലാക്കി. ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി മണിക്കൂറുകളോളം ജുഡീഷ്യല്‍ കമ്മിഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കേണ്ടിവന്നു. വി.എസ്. അച്യുതാനന്ദന്‍, പിണറായി വിജയന്‍, ഡി.ജി.പി. തുടങ്ങിയ പ്രമുഖരും കമ്മിഷനിലെത്തി മൊഴി നല്‍കിയിരുന്നു.

സരിതയുടെയും കൂട്ടാളികളുടെയും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് അന്വേഷണ പരിധിക്കു പുറത്തായിരുന്നു. എന്നാല്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ ചുമതലയേറ്റതോടെ അന്വേഷണ പരിധി വിപുലപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്തുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ആരംഭിച്ച് മൂന്നു വര്‍ഷവും 11 മാസവും പിന്നിട്ടപ്പോഴാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.