സോളാര്‍ തട്ടിപ്പ് കേസില്‍ ‘മുഖ്യമന്ത്രി’ ഉമ്മന്‍ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

single-img
26 September 2017

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.

കണ്ടെത്തല്‍, ശുപാര്‍ശ, നിര്‍ദേശങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിങ്ങനെ നാലുഭാഗങ്ങളായാണു റിപ്പോര്‍ട്ടുള്ളത്. ഇതില്‍ ഒരു ഭാഗം ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ്. തട്ടിപ്പിന് സരിതയും ബിജുവും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉണ്ടായിരുന്ന ബന്ധം പ്രതികള്‍ ദുരുപയോഗം ചെയ്തു.

ഓഫീസ് ദുരുപയോഗം ചെയ്തുകൊണ്ടാണ് തട്ടിപ്പിന് വിവിധ ആളുകളെ സമീപിച്ചത്. തട്ടിപ്പിന് ഇത്രയധികം വ്യാപ്തിയുണ്ടായത് ഇതുകൊണ്ടാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉപയോഗിച്ചു.

ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് പൂര്‍ണമായ വിവരങ്ങള്‍ കണ്ടെടുക്കാനായില്ല. ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തിന് വീഴ്ചപറ്റിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. പ്രത്യേക അന്വേഷണ സംഘം വേണ്ട രീതിയില്‍ കേസ് അന്വേഷിച്ചില്ല.

ബിജു രാധാകൃഷ്ണനിലും സരിത എസ്. നായരിലും മാത്രം ഒതുങ്ങി നിന്നുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തിയത്. ഇവര്‍ തട്ടിച്ചെടുത്ത പണത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. കേസ് സംബന്ധിച്ച ഇന്റലിജന്‍സ് എഡിജിപിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചുവെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

ഇത്തരം കേസുകളില്‍ പ്രതികളെ ശിക്ഷിക്കാന്‍ നിലവിലെ നിയമം അപര്യാപ്തമാണെന്നും തട്ടിപ്പ് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് ഉള്‍പ്പടെയുള്ള നിയമങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം സോളാര്‍ തട്ടിപ്പ് മൂലം സംസ്ഥാന ഖജനാവിന് നഷ്ടമില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ട് പഠിച്ചശേഷം പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഈ റിപ്പോര്‍ട്ട് ആദ്യം മന്ത്രിസഭ പരിശോധിച്ച് അംഗീകരിക്കണം. പിന്നീട് നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്കു കൈമാറും. തുടര്‍ന്ന് കമ്മിഷന്‍ നിര്‍ദേശിച്ച നടപടികള്‍ വേണോയെന്നു തീരുമാനിക്കും. ഒടുവില്‍ മന്ത്രിസഭയുടെ ശുപാര്‍ശകളോടെ നിയമസഭയില്‍ വയ്ക്കും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയ ആരോപണമായിരുന്നു സോളാര്‍ കേസ്. ആറ് പരിഗണനാ വിഷയങ്ങളാണ് അന്വേഷണത്തിന്റെ പരിധിയില്‍ വന്നിരുന്നത്. 2013 ഒക്‌ടോബറില്‍ ആണ് ജുഡീഷ്യല്‍ അന്വേഷണത്തിന് റിട്ട. ജസ്റ്റീസ് ജി.ശിവരാജനെ സര്‍ക്കാര്‍ നിയമിച്ചത്. മൂന്നു വര്‍ഷവും 11 മാസവും നടത്തിയ അന്വേഷണത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 217 പേരെ വിസ്തരിച്ച് 8400ല്‍ അധികം പേജുള്ള മൊഴിപ്പകര്‍പ്പ് ഉള്‍പ്പെടുന്നതാണ് റിപ്പോര്‍ട്ട്