പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് കോടതിയില്‍

single-img
26 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം നടക്കുന്നതിനിടെ പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്‍ ആഞ്ഞടിച്ചു. കേസിന്റെ അന്വേഷണ വിവരങ്ങള്‍ പോലീസ് അറിയിക്കുന്നില്ല.

ദിലീപിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് ഒരു വിവരവും വ്യക്തമാക്കുന്നില്ല. കുറ്റങ്ങള്‍ അറിയുന്നത് പ്രതിയുടെ അവകാശമാണെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു. നേരത്തെ വാദത്തിനായി എത്രസമയം വേണമെന്ന ചോദ്യത്തിനു ഒന്നര മണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഇതിനിടെ നാദിര്‍ഷായുടെ കേസിന്റെ സ്ഥിതിയും കോടതിയെ അറിയിച്ചു. കേസില്‍ ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. മുന്‍പ് നാലുതവണയും വാദം കേട്ട കോടതികള്‍ അപേക്ഷ തള്ളുകയായിരുന്നു.

ഹൈക്കോടതിയില്‍ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി എത്തുന്നത്. അതേസമയം, അടുത്തമാസം ഏഴിനകം ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.