ഇരയ്‌ക്കെതിരെയും കേസ് ചുമത്തി പൊലീസ്: കൊച്ചിയില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

single-img
26 September 2017

കൊച്ചിയില്‍ നടുറോഡില്‍ യുവതികളുടെ ആക്രമണത്തിന് ഇരയായ യൂബര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന യുവതികളുടെ പരാതിയിലാണ് മരട് പോലീസിന്റെ നടപടി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലുളള സ്വാഭാവിക നടപടി മാത്രമാണിതെന്ന ന്യായമാണ് മരട് പൊലീസ് ഉയര്‍ത്തുന്നത്. എന്നാല്‍ ഡ്രൈവറെ ആക്രമിച്ച യുവതികള്‍ക്കെതിരെ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി കേസെടുക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.

ഈ മാസം ഇരുപതിനാണ് കൊച്ചി വൈറ്റിലയില്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ ഷഫീക്കിനെ മൂന്നു യുവതികള്‍ ചേര്‍ന്ന് ആക്രമിച്ചത്. കരിങ്കല്ലടക്കം ഉപയോഗിച്ചുളള ആക്രമണത്തില്‍ ഷഫീക്കിന്റെ തലയിലുള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങളടക്കമുളള തെളിവുണ്ടായിട്ടും യുവതികളെ കൊച്ചി മരട് പൊലീസ്, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഈ നടപടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് നടുറോഡില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട ഡ്രൈവര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മുന്നൂറ്റി അമ്പത്തിനാലാം വകുപ്പനുസരിച്ച് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാത്ത കുറ്റമാണ് ഷഫീക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നഗരത്തിലെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍.