പരാതിക്കാര്‍ക്ക് ഒടുവില്‍ നീതി കിട്ടി: കടകംപള്ളി ഭൂമി തട്ടിപ്പിന് ഇരയായവരുടെ കരം സ്വീകരിച്ചു തുടങ്ങി

single-img
26 September 2017


കടകംപള്ളി ഭൂമിതട്ടിപ്പിന് ഇരയായ 188 കുടുംബങ്ങള്‍ക്ക് കരം അടയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 44 കുടുംബങ്ങള്‍ കരം അടച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാന്‍ സലിം രാജ് ഉള്‍പ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് നാല് വര്‍ഷമായി ഇവിടെ കരം സ്വീകരിച്ചിരുന്നില്ല.

തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിയെടുത്ത സംഭവത്തെ തുടര്‍ന്നാണ് യഥാര്‍ത്ഥ ഭൂ ഉടമകളില്‍ നിന്ന് കരം സ്വീകരിക്കുന്നത് ആദ്യം നിര്‍ത്തിവെച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഭൂമാഫിയ തട്ടിയെടുത്ത കടകംപള്ളി വില്ലേജിലെ വിവാദഭൂമിയുടെ 3587 നമ്പര്‍ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കിയിരുന്നു.

ബി 18-34852-12 നമ്പര്‍ പ്രകാരമാണ് ജില്ലാ കലക്ടര്‍ വെങ്കിടേസപതി 3587 നമ്പര്‍ വ്യാജ തണ്ടപ്പേര്‍ റദ്ദാക്കിയത്. ഇതോടെ ഭൂവുടമകള്‍ക്ക് നികുതി അടയ്ക്കാനും വസ്തുവും സ്ഥാവരജംഗമ വസ്തുക്കളും ക്രയവിക്രയം നടത്താനും മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമുള്ള തടസ്സങ്ങളും നീങ്ങി.

ഏതാണ്ട് 400 കോടിയിലേറെ രൂപ വിലമതിക്കുന്ന 44.5 ഏക്കര്‍ ഭൂമിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് മാഫിയസംഘം വ്യാജ തണ്ടപ്പേര്‍ ഉണ്ടാക്കി തട്ടിയെടുത്തിരുന്നത്.