ഐക്യരാഷ്ട്ര സഭയില്‍ പാക്കിസ്ഥാന് ചുട്ട മറുപടിയുമായി ഇന്ത്യ: ‘ഈ ചിത്രമാണ് ഭീകരതയുടെ മുഖം’

single-img
26 September 2017

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയുടെ മനുഷ്യാവകാശ ലംഘനങ്ങളെ ചൂണ്ടിക്കാണിക്കാന്‍ വ്യാജ ചിത്രം ഉയര്‍ത്തിക്കാട്ടിയ പാക്കിസ്ഥാന് മറുപടിയുമായി ഇന്ത്യ രംഗത്ത്. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കശ്മീരിയായ ഇന്ത്യന്‍ പട്ടാള ഓഫീസര്‍ ഉമര്‍ ഖയാസിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടിയാണ് പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്റെ തെളിവുകള്‍ ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥ പൗലോമി ത്രിപാഠി വെളിപ്പെടുത്തിയത്.

”ഈ ചിത്രം വ്യജമല്ല; നിഷ്ഠൂരവും ദുരന്തമയവുമായ യാഥാര്‍ഥ്യം വിളിച്ചു പറയുന്ന ചിത്രമാണിത്” എന്ന് പറഞ്ഞാണ് പൗലോമി സംസാരിച്ചു തുടങ്ങിയത്. വിവാഹചടങ്ങിനിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ലഫ്. ഉമര്‍ ഫായിസിനെ പാക്ക് പിന്തുണയോട് കൂടിയാണ് ഭീകരര്‍ വധിച്ചതെന്നും പൗലോമി വിശദീകരിച്ചു.

ഉമറിന്റെ ചിത്രം ക്രൂരവും ദയനീയവുമായ യാഥാര്‍ത്ഥ്യമാണ് തുറന്ന് കാണിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിക്കപ്പുറത്തുനിന്നു കടന്നുവരുന്ന ഭീകരതയുടെ ദുരന്തവശങ്ങള്‍ കശ്മീര്‍ ജനത ഓരോ ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഇതു മറച്ചുവയ്ക്കാനാണു പാക്കിസ്ഥാന്‍ കള്ളപ്രചാരണത്തിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്തൊക്കെ ചെയ്താലും പാകിസ്ഥാന്റെ ഭീകരമുഖം അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് മറച്ചുവയ്ക്കാന്‍ അവര്‍ക്ക് കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2007 ബാച്ചിലെ ഐ.എഫ്.എസ് ഓഫീസറായ ത്രിപാഠി യു.എന്നിലെ ഇന്ത്യയുടെ താരതമ്യേന ജൂനിയറായ നയതന്ത്ര ഉദ്യോഗസ്ഥയാണ്.