ഗൗരി ലങ്കേഷ് വധക്കേസില്‍ നിര്‍ണായക ദൃക്‌സാക്ഷിമൊഴി: സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലെ ഡിജിറ്റല്‍ ലാബിന് കൈമാറി

single-img
26 September 2017

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നു. കേസില്‍ അയല്‍വാസിയായ വിദ്യാര്‍ഥി പ്രത്യേക അന്വേഷണ സംഘത്തിനു നിര്‍ണായക ദൃക്‌സാക്ഷിമൊഴി നല്‍കിയതായാണ് സൂചന.

രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നില്‍ ഗൗരി കൊല്ലപ്പെട്ട അഞ്ചിനു രാത്രി ഹെല്‍മറ്റ് ധരിച്ച രണ്ടു പേരാണു ബൈക്കില്‍ എത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. ഇരുവരും തന്നെ കണ്ടിരുന്നതായും ഇവര്‍ കൊലപ്പെടുത്തുമെന്നു ഭയമുള്ളതിനാല്‍ നഗരം വിട്ടു പോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ കൊലപാതക ദിവസം ഗൗരിയുടെ വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായ് പ്രത്യേക അന്വേഷണ സംഘം അമേരിക്കയിലുള്ള ഡിജിറ്റല്‍ ലാബിന് കൈമാറി. ഗൗരി ലങ്കേഷിന്റെ കൊലപാത കേസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍.

എന്നാല്‍ ഇവയുടെ വ്യക്തതക്കുറവ് അന്വേഷണ പുരോഗതിക്ക് തടസ്സമാവുന്ന പശ്ചാത്തലത്തിലാണ് ഇവ ഡിജിറ്റല്‍ ലാബിന് കൈമാറിയത്. ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധനയിലൂടെ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

അതേസമയം കേസില്‍ രണ്ടു പേരെ എസ്‌ഐടി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നതായും സൂചനയുണ്ട്. നരേന്ദ്ര ധാബോല്‍ക്കര്‍ വധക്കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകന്‍ ഡോ. വീരേന്ദ്ര താവ്‌ഡെയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും എസ്‌ഐടി ശ്രമം നടത്തുന്നുണ്ട്.