ദിലീപിന് ഇന്ന് നിര്‍ണ്ണായകം: ഹൈക്കോടതി കനിഞ്ഞില്ലെങ്കിൽ ഇനി അടുത്തൊന്നും പുറംലോകം കാണാൻ കഴിയില്ല

single-img
26 September 2017

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യഹർ‍ജിയുമായി കോടതിയെ സമീപിക്കുന്നത്.

80 ദിവസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്. ഗൂഡാലോചന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വിരലില്‍ എണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ഇനി ബാക്കി. ഈ സാഹചര്യത്തില്‍ അവസാന പ്രതീക്ഷയെന്ന നിലയിലാണ് ജാമ്യം തേടി മൂന്നാം തവണ ദിലീപ് ഹൈക്കോടതിയില്‍ എത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച്ച ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മുൻപ് ജാമ്യം തള്ളിയ സാഹചര്യങ്ങളിൽ നിന്ന് എന്തെങ്കിലും മാറ്റമുണ്ടോ എന്നാണ് ചോദിച്ചത്. ജയിലിൽ കുറച്ചു ദിവസം കിടന്നു എന്നതുകൊണ്ടു സഹചര്യം മാറിയെന്ന് കണക്കാക്കാനാകില്ല. നേരത്തെ ജാമ്യ ഹർജികൾ പരിഗണിച്ചപ്പോഴുള്ള സാഹചര്യം മാറിയെന്ന് വ്യക്തമായി ബോധ്യപ്പെടണം. എങ്കിൽ മാത്രമേ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനാവൂ എന്നാണ് കോടതി അന്ന് എടത്തുപറഞ്ഞത്.

ഈ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജികൾ മറ്റൊരു ബെഞ്ചിൽ ഉണ്ടെന്നും അവ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഇതേ തുടർന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവെച്ചത്. പ്രതി അല്ലാത്തതിനാൽ കാവ്യ മാധവന് മുൻകൂർ ജാമ്യത്തിന്റെ അവശ്യമില്ലെന്ന് ഇന്നലെ ഹൈക്കോടതി വ്യക്തമായിരുന്നു. നാദിർഷായുടെ ജാമ്യപേക്ഷ പരിഗണിക്കുന്ന അടുത്ത മാസം നാലിലേക്ക് മാറ്റുകയും ചെയ്തു.

ദിലീപിനെതിരെ ചുമത്തിയ 376 ഡി വകുപ്പ് പ്രകാരമുള്ള ഗുരുതര കുറ്റകൃത്യം നിലനില്‍ക്കുന്നതല്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം.

നടിയെ ആക്രമിച്ച കുറ്റകൃത്യത്തില്‍ ദീലീപ് പങ്കാളിയല്ല. 10 വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ദിലീപിനെതിരെ നിലനില്‍ക്കില്ല. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 60 ദിവസം പിന്നിട്ടു. ഈ സാഹചര്യത്തില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിക്കുന്നു. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഈ വാദം തള്ളിയെങ്കിലും ഹൈക്കോടതിയില്‍ നിന്ന് അനുകൂല സാഹചര്യമുണ്ടാകുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.