അറബിയെ കണ്ട ‘എസിപി’ ഷാര്‍ജ ഭരണാധികാരിയെന്ന് തെറ്റിദ്ധരിച്ചു: ഓടിച്ചെന്ന് മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയപ്പോള്‍ ആളുമാറി: പുലിവാലുപിടിച്ച എസിപി മുഖ്യമന്ത്രിയുടെ ചൂടറിഞ്ഞു

single-img
26 September 2017

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയെ വരവേല്‍ക്കാന്‍ എത്തിയ മുഖ്യമന്ത്രിയെ വട്ടം കറക്കിയ അസി. കമ്മീഷണര്‍ പുലിവാലുപിടിച്ചു. കോവളം ലീലാ ഹോട്ടലില്‍ ഇന്നലെ വൈകുന്നേരമാണ് സംഭവം. രാജ്ഭവനിലെ പരിപാടികള്‍ക്ക് ശേഷം കോവളത്തേക്ക് മടങ്ങിയ സുല്‍ത്താന്‍ അവിടെ വിശ്രമത്തിലായിരുന്നു.

വിശ്രമ സ്ഥലത്ത് നിന്ന് ഇലക്ട്രിക് കാറില്‍ കള്‍ച്ചറല്‍ പരിപാടി നടക്കുന്ന വേദിയില്‍ വന്നിറങ്ങുന്ന സുല്‍ത്താനെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ലീലാ ഹോട്ടലിലെത്തിയിരുന്നു. വൈകിട്ട് 6.30 ഓടെ ഹോട്ടലിനുള്ളില്‍ സുല്‍ത്താനെ കാത്തിരിക്കുകയായിരുന്ന മുഖ്യമന്ത്രിയോട് സുല്‍ത്താനെത്തിയെന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന അസി.കമ്മിഷണര്‍ അറിയിച്ചു.

ഇതേ തുടര്‍ന്ന് സുല്‍ത്താനെ സ്വീകരിക്കാന്‍ മാലയും ബൊക്കെയുമായി മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളും ഹോട്ടലിന്റെ കവാടത്തിലെത്തി. എന്നാല്‍ സുല്‍ത്താന് പകരം അറബിവേഷം ധരിച്ച മറ്റ് ചിലരെയാണ് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും അവിടെ കാണാന്‍ കഴിഞ്ഞത്. അബദ്ധം പറ്റിയത് മനസിലായതോടെ മുഖ്യമന്ത്രി അസി.കമ്മിഷണര്‍ക്ക് നേരെ തിരിഞ്ഞു.

കാര്യങ്ങള്‍ അന്വേഷിച്ച് ബോദ്ധ്യപ്പെട്ടശേഷം വേണം വിവരങ്ങള്‍ അറിയിക്കാനെന്ന് താക്കീത് ചെയ്തശേഷം മുഖ്യമന്ത്രിയും കൂട്ടരും ഹോട്ടലിനുള്ളിലേക്ക് മടങ്ങി. എന്നാല്‍ പത്ത് മിനിട്ടിന്‌ശേഷം ആരോ പറഞ്ഞതനുസരിച്ച് അസി.കമ്മിഷണര്‍ വീണ്ടും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സുല്‍ത്താനെത്തിയതായി അറിയിച്ചു.

മുഖ്യമന്ത്രിയും കൂട്ടരും സ്വീകരിക്കാന്‍ തയ്യാറായി പുറത്തിറങ്ങി. എന്നാല്‍, അപ്പോഴും സുല്‍ത്താന്‍ എത്തിയിരുന്നില്ല. കള്‍ച്ചറല്‍ പരിപാടിയുടെ വേദിക്ക് മുന്നില്‍ സ്വീകരിക്കാനെത്തിയ മുഖ്യമന്ത്രിയും കൂട്ടരും വീണ്ടും കാത്തുനിന്നു. ഇതോടെ ക്ഷമ നശിച്ച മുഖ്യമന്ത്രി പിന്നെ തിരിച്ച് പോയില്ല.

പിന്നീട് ഇരുപത് മിനിട്ടോളം അവിടെ തന്നെ കാത്ത് നിന്നു. എന്നാല്‍ തനിക്ക് പറ്റിയ അബദ്ധത്തിന് അസി.കമ്മിഷണര്‍ മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ച് ക്ഷമാപണം നടത്തി. വയര്‍ലസ് ഉള്‍പ്പെടെയുളള സംവിധാനങ്ങളുണ്ടായിട്ടും വി.ഐ.പി ഡ്യൂട്ടികളിലുണ്ടായ പിഴവും മുഖ്യമന്ത്രിയ്ക്ക് തെറ്റായ വിവരം നല്‍കിയതും ഗൗരവമായ കാര്യമാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും വിലയിരുത്തി. സംഭവത്തില്‍ സംസ്ഥാന ഇന്റലിജന്‍സ് ഡിജിപിയുടെ നിര്‍ദേശാനുസരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.