അന്യസംസ്ഥന തൊഴിലാളി ക്യാമ്പില്‍ നിന്നും വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തു

single-img
23 September 2017

നെയ്യാറ്റിന്‍കര: തലസ്ഥാനത്തെ നെയ്യാറ്റിൻകരയിൽ അന്യസംസ്ഥന തൊഴിലാളികളുടെ ക്യാമ്പില്‍ നിന്നും വൻ കഞ്ചാവ് ശേഖരം എക്‌സൈസ്  പിടികൂടി. പുളിങ്കുടിയിലെ തൊഴിലാളി ക്യാമ്പില്‍ നിന്നും 12 കിലോ കഞ്ചാവാണ് വെള്ളിയാഴ്ച രാത്രി ഒൻപതോടെ എക്‌സൈസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളെ അറസ്റ്റുചെയ്തു. ജാര്‍ഖണ്ഡിലെ സാഹേബ് ഗഞ്ച് സ്വദേശികളായ മനോഹര്‍ സ്വര്‍ണ്ഘര്‍ (28), വിശ്വജീത്‌ സ്വര്‍ണ്ഘര്‍ (26) എന്നിവരെയാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ. ബഞ്ചമിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അതേസമയം ഇവര്‍ കഞ്ചാവ് ഒഡിഷയില്‍ നിന്നാണ് കൊണ്ടുവന്നതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു. ഒഡിഷയില്‍ നിന്ന് ഒരു കിലോയുടെ 25 കവറുകളിലായാണ് കഞ്ചാവ് കൊണ്ടുവന്നത്. ഇതില്‍ 12 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. ബാക്കിയുള്ളവ അന്യസംസ്ഥന തൊഴിലാളികള്‍ക്ക് ചെറുപൊതികളാക്കി വില്പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. ഇവര്‍ സ്ഥിരമായി കഞ്ചാവ് പൊതികള്‍ വില്പന നടത്തുന്നതായുള്ള എക്‌സൈസ് ഇന്റലിജന്‍സിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് പുളിങ്കുടിയിലെ തൊഴിലാളി ക്യാമ്പില്‍ എക്‌സൈസ് റെയ്ഡ് നടത്തിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. കോമളന്‍, പ്രിവെന്റീവ് ഓഫീസര്‍മാരായ ആര്‍. വിജയന്‍, കെ. ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പ്രതികള്‍ നേരത്തെയും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പുറമെ സ്വദേശികള്‍ക്കും ഇവര്‍ കഞ്ചാവ് വില്പന നടത്താറുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.