ഉത്തര കൊറിയക്ക് അമേരിക്ക സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി

single-img
22 September 2017

ഉത്തരകൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ഉപരോധമടക്കമുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ഐക്യ രാഷ്ട്ര സഭ ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്ക സാമ്പത്തിക ഉപരോധംകൂടി ഏര്‍പ്പെടുത്തിയത്.

പ്യോഗ്യാംഗുമായുള്ള എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിര്‍ത്തണമെന്ന് ചൈന സെന്‍ട്രല്‍ ബാങ്ക് മറ്റു ചൈനീസ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വിനാശകരമായ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള ഉത്തരകൊറിയ സാമ്പത്തിക സ്രോതസുകളെ വിച്ഛേദിക്കാനാണ് നടപടികള്‍ എടുത്തതെന്ന് ട്രംപ് പറഞ്ഞു.

ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉത്തരകൊറിയ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥിതിയെ ദുരുപയോഗപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവന്‍ വെച്ചാണ് ഉത്തരകൊറിയ കളിക്കുന്നത്.

പുതിയ ഉപരോധം ഉത്തരകൊറിയയുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുന്നാണ്. നിര്‍മ്മാണ മേഖല, മത്സ്യബന്ധനം, വിവര സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെയെല്ലാം ഈ ഉപരോധം പ്രതികൂലമായി ബാധിക്കും. ഉത്തരകൊറിയ എന്ന രാജ്യത്തെ മാത്രം ലക്ഷ്യമാക്കിയുള്ള ഉപരോധമാണിതെന്നും ട്രംപ് പറഞ്ഞു.