ഗുര്‍മീത് താമസിച്ചിരുന്ന സ്ഥലത്തുനിന്ന് 600 അസ്ഥികൂടങ്ങള്‍ കണ്ടെത്തി: ‘മോക്ഷം പ്രാപിച്ചവരുടേതെന്ന്’ ഗുര്‍മീതിന്റെ അനുയായികള്‍

single-img
20 September 2017

ചണ്ഡിഗഡ്: ദേര സച്ച സൗദയുടെ ആസ്ഥാനമായ സിര്‍സയിലെ ആശ്രമത്തില്‍ വന്‍ അസ്ഥികൂട ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മാനഭംഗക്കേസില്‍ 20 വര്‍ഷത്തെ തടവുശിക്ഷ ലഭിച്ച ഗുര്‍മീത് താമസിച്ചിരുന്ന സ്ഥലത്തു നിന്നാണ് പ്രത്യേക അന്വേഷണ സംഘം 600 മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്.

എന്നാല്‍ അതൊക്കെ മോക്ഷം പ്രാപിച്ചവരുടെ അസ്ഥികൂടങ്ങളാണെന്നാണ് അനുയായികള്‍ പറയുന്നത്. ആശ്രമ വളപ്പില്‍ നിരവധി പേരെ അടക്കം ചെയ്തിട്ടുള്ളതായി ദേര മാനേജ്‌മെന്റ് കമ്മിറ്റി അംഗം ഡോ പിആര്‍ നയിന്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തിയിരുന്നു.

ഇതേത്തുടര്‍ന്നുള്ള പരിശോധനയിലാണ് ഇത്രയധികം അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. അതേസമയം ആശ്രമത്തില്‍ വച്ച് കൊല്ലപ്പെട്ടവരുടേതോ മാനഭംഗത്തിന് ഇരയായവരുടേതോ ആകാം അസ്ഥികൂടങ്ങള്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍.

നേരത്തേയും ആശ്രമവളപ്പില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയധികം മനുഷ്യാസ്ഥികള്‍ കണ്ടെത്തുന്നത്. ദേര സച്ചയിലെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരിശോധനകള്‍ പുരോഗമിക്കുന്നുണ്ട്.

അനധികൃത അവയവ കച്ചവടവും, അവയവ മാറ്റ ശസ്ത്രക്രിയയും നടന്നിരിക്കാമെന്ന സംശയവും പോലീസിനുണ്ട്. അസ്ഥി കൂടങ്ങള്‍ അവയവ കച്ചവടത്തിന് ഇരയായവരുടേത് ആണോയെന്ന് ശാസ്ത്രിയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ അറിയാന്‍ സാധിക്കൂ.

അതിനാല്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഗുര്‍മീതിന്റെ അഭ്യര്‍ത്ഥനപ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശ്രമത്തിന് ദത്ത് നല്‍കിയ കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് നിരവധി പരാതികള്‍ ഹരിയാന പൊലീസിന് ലഭിക്കുന്നുണ്ട്.