തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; 18 എംഎല്‍എമാരെ അയോഗ്യരാക്കി

single-img
18 September 2017

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനായുള്ള ദിനകരന്‍ പക്ഷത്തിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയോട് അവിശ്വാസം പ്രകടിപ്പിച്ച് ടിടിവി ദിനകര പക്ഷത്തേക്ക് കൂറുമാറിയ 18 എംഎല്‍എമാരെ സ്പീക്കര്‍ പി ധനപാല്‍ അയോഗ്യരാക്കി.

കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ അയോഗ്യരാക്കിയത്. ഇതോടെ വലിയ പ്രതിസന്ധി നേരിട്ട പളനിസ്വാമി സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷമായി. നേരത്തെ 234 അംഗ നിയമസഭയില്‍ 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ വലിയ പ്രതിസന്ധികള്‍ നേരിട്ടിരുന്നു.

സഭയില്‍ ന്യൂനപക്ഷമായ സര്‍ക്കാരിനെതിരെ വിശ്വാസവോട്ടെടുപ്പ് കൊണ്ടുവരുന്നതിനായി പ്രതിപക്ഷമായ ഡിഎംകെ ഗവര്‍ണറെ കണ്ടിരുന്നു. ഇതേ ആവശ്യം ദിനകരനും ഉന്നയിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് നേരിട്ടത്.

അതേസമയം എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിക്കെതിരെ ദിനകരന്‍ പക്ഷം കോടതിയെ സമീപിക്കുമെന്നാണ് സൂചന. കുറുമാറ്റ നിയമപ്രകാരമോ, വീപ്പ് ലംഘനമോ ഉണ്ടായിട്ടില്ലെന്നും ദിനകരന്‍ പക്ഷം അവകാശപ്പെടുന്നു. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ഇന്ന് തമിഴ്‌നാട്ടിലേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടിയെന്നാണ് കരുതുന്നത്.