നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി 25ലേക്ക് മാറ്റി

single-img
18 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനും നടനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഈ മാസം 25 നായിരിക്കും ഇനി അപേക്ഷ പരിഗണിക്കുക.

25ാം തിയതി ഹര്‍ജി പരിഗണിക്കുമ്പോള്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത കാര്യങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവുണ്ട്. നാദിര്‍ഷയെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണോയെന്നും മുദ്രവെച്ച കവറില്‍ കോടതിയെ അറിയിക്കണം.

അത് പരിശോധിച്ചതിന് ശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. നീണ്ട അഞ്ച് മണിക്കൂറോളമാണ് അന്വേഷണ സംഘം നാദിര്‍ഷയെ ചോദ്യം ചെയ്തത്.

തനിക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നും അത് താന്‍ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയതായും ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. താനും ദിലീപും നിരപരാധികളാണെന്നും, കോടതിയില്‍ ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും നാദിര്‍ഷ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും നാദിര്‍ഷ പറഞ്ഞു.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ക്വട്ടേഷന്‍ തുകയുടെ അഡ്വാന്‍സായി 25,000 രൂപ നാദിര്‍ഷയാണ് തനിക്ക് കൈമാറിയതെന്നായിരുന്നു കഴിഞ്ഞയാഴ്ച പള്‍സര്‍ സുനി വെളിപ്പെടുത്തിയത്. എന്നാല്‍ ഈ മൊഴി പൊലീസ് സമ്മര്‍ദ്ദം ചെലുത്തി പറയിച്ചതാണെന്ന് നാദിര്‍ഷ പ്രതികരിച്ചിരുന്നു.