ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

single-img
14 September 2017

അഹമ്മദാബാദ്: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് സ്വപ്നപദ്ധതിക്ക് തറക്കല്ലിട്ടത്. മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്. അമ്പത് വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 0.1 ശതമാനം പലിശയാണ് നല്‍കേണ്ടി വരിക. ഇന്ത്യയും ജപ്പാനും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഇരു രാജ്യങ്ങളുടെയും വികസനത്തിന് കരുത്തേകുമെന്ന് തറക്കല്ലിട്ട ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ പറഞ്ഞു. ജപ്പാനുമായി ചേര്‍ന്ന് നവഭാരതം കെട്ടിപ്പടുക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആബെ വ്യക്തമാക്കി.

2023 ഓടെ പൂര്‍ത്തിയാക്കാനുറച്ചാണ് ബുള്ളറ്റ് ട്രെയില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ബുള്ളറ്റ് ട്രെയില്‍ ഓടിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി 24 ഹൈസ്പീഡ് ട്രെയിനുകള്‍ ജപ്പാനില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ യാതാര്‍ത്ഥ്യമായാല്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് പിന്നിടാനാകും. 468 കിലോമീറ്റര്‍ എലവേറ്റഡ് ട്രാക്കും 21 കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയും 13കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയും അടങ്ങുന്നതാണ് പദ്ധതി. 212 സ്റ്റേഷനുകളാണ് ഉണ്ടാവുക. 750പേര്‍ക്ക് യാത്രചെയ്യാം. 2000 മുതല്‍ നാലായിരം വരെയയായിരിക്കും ടിക്കറ്റ് ചാര്‍ജ്.