എ.ആര്‍ റഹ്മാനോട് രാജ്യം വിട്ടുപൊയ്‌ക്കോളൂ എന്ന് സന്തോഷ് പണ്ഡിറ്റ്

single-img
10 September 2017

പ്രശസ്ത സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാനോട് ‘ഇഷ്ടമുള്ള രാജ്യത്തേക്ക്’പോകാന്‍ പറഞ്ഞ് സന്തോഷ് പണ്ഡിറ്റ്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ‘ഇതെന്റെ ഇന്ത്യ അല്ല’ എന്ന റഹ്മാന്റെ പ്രസ്താവനയോടാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.

താങ്കളുടെ പ്രതികരണം കണ്ടാല്‍ ഗൗരി ലങ്കേഷിന്റേത് ഇന്ത്യയിലെ ആദ്യത്തെ കൊലപാതകമാണെന്ന് തോന്നുമെന്നും മനസിലെ ഇന്ത്യ ഇങ്ങനെയല്ലെങ്കില്‍ രാജ്യം വിട്ടുപൊയ്‌ക്കോളാനും ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഗൗരി ലങ്കേഷ് മരിച്ചതില്‍ തനിക്കും വ്യക്തിപരമായി വിഷമമുണ്ടെന്ന് പറഞ്ഞ് ആരംഭിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ തമിഴ്‌നാട്ടില്‍ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴോ മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടപ്പോഴോ റഹ്മാന്‍ പ്രതികരിച്ചില്ലെന്ന് സന്തോഷ് കുറ്റപ്പെടുത്തുന്നു.

ഡല്‍ഹിയില്‍ നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ. കേരളത്തില്‍ ഓരോ വര്‍ഷവും എത്രയോ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നു. അതൊന്നും നിങ്ങള്‍ അറിഞ്ഞില്ല…കോയമ്പത്തൂര്‍ സ്‌ഫോടനവും മുംബൈ ആക്രമണവും ഒരു പ്രൊഫസറുടെ കൈ വെട്ടിയപ്പോഴും കാശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും മുമ്പ് കേരളത്തില്‍ സുനാമി വന്നു എത്രയോ പേര്‍ മരിച്ചപ്പോഴും താങ്കളുടെ കാര്യമായ പ്രതികരണം ഒന്നും കണ്ടില്ലെന്നും സന്തോഷ് പറയുന്നു.