നാദിര്‍ഷയെ ‘പൂട്ടാനുറച്ച്’ പോലീസ്: ജാമ്യാപേക്ഷയെ എതിര്‍ക്കും

single-img
10 September 2017

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പോലീസ് രംഗത്ത്. നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു.
നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസ് നിലപാട് വ്യക്തമാക്കിയത്.

വിഷയത്തില്‍ നേരത്തേ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു. കേസില്‍ നാദിര്‍ഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനുശേഷം മാത്രമേ അറസ്റ്റ് തീരുമാനിക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് പോലീസ് നിലപാട്.
നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 13നു പരിഗണിക്കാനാണ് മാറ്റിയിരിക്കുന്നത്. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാരന് അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

അറസ്റ്റ് ചെയ്യുമെന്നു പോലീസ് ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്റെ കനത്ത സമ്മര്‍ദം നേരിടാന്‍ കഴിയുന്നില്ലെന്നും കാട്ടിയാണ് നാദിര്‍ഷാ ജാമ്യാപേക്ഷ നല്‍കിയത്. പ്രോസിക്യൂഷനെ പിന്തുണയ്ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ് ആവശ്യപ്പെടുന്നതായും നാദിര്‍ഷാ ഹര്‍ജിയില്‍ പറയുന്നു.

അതേസമയം, നാദിര്‍ഷയെ ഭീക്ഷണിപ്പെടുത്തിയ കാര്യം തനിക്കറിയില്ലെന്നും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്തതിനൊപ്പംതന്നെയാണു നാദിര്‍ഷായുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയത്.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനു പിന്നാലെ നാദിര്‍ഷ വ്യാഴാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇതിനൊപ്പം തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമവും തുടങ്ങി.

അതേസമയം പള്‍സര്‍ സുനിയെ ഫോണ്‍ ചെയ്യാന്‍ സഹായിച്ചതിന് അറസ്റ്റ് ചെയ്ത് വിട്ടയച്ച പോലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടാകും. നടപടി ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തെളിവ് നശിപ്പിച്ചു, പ്രതിയെ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പോലീസുകാരനെതിരെ ആരോപിക്കുന്നത്.